വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ സാമ്പത്തിക ക്രമക്കേട്; കണക്കുകൾ പരിശോധിക്കാൻ അഡ്‌ഹോക്ക് കമ്മിറ്റി

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. സംഘടന നടത്തുന്ന പരസ്പര സഹായ നിധിയിൽ 16 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച വസ്തുതകൾ ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർന്ന എക്‌സികുട്ടീവ് കമ്മിറ്റി കണക്കുകൾ പരിശോധിക്കുവാൻ നാലംഗ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വം നിലവിലെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി. പുരുഷോത്തമൻ, ട്രഷറർ പി.വി. ജോസ്, മേഖലാ പ്രസിഡന്റ് എസ്. ബഷീർ എന്നിവർ ഏറ്റെടുത്ത് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കാണുകയായിരുന്നു. മുൻ പ്രസിഡന്റ് മനോജ് താഴെപ്പുര, മുൻ ജനറൽ സെക്രട്ടറി സതീഷ് മണ്ണാറുകുളം, കല രവി, ബേബി സുരേഷ് എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങൾ. ഈ മാസം 30ന് നടക്കുന്ന വാർഷിക പൊതുയോഗത്തിന് മുൻപ് അഡ്ഹോക്ക് കമ്മിറ്റി കണക്കുകൾ പരിശോധിച്ച് മൊത്തം ബാധ്യതകൾ കണ്ടെത്തും.

അതേസമയം, ക്രമക്കേട് നടത്തിയത് ജീവനക്കാരിൽ ഒരാളാണെന്നാണ് ഭാരവാഹികളുടെ ആരോപണം. അംഗങ്ങളിൽ നിന്ന് ദിവസവും പിരിച്ചെടുക്കുന്ന തുക രസീത് ബുക്കിലും ലഡ്ജറിലും കൃത്യമായി രേഖപ്പെടുത്തിയ ശേഷം ബാങ്കിൽ നിക്ഷേപിക്കുന്ന വേളയിൽ ക്രമക്കേട് നടത്തിയെന്നാണ് കരുതുന്നത്. ക്രമക്കേടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അഡ്ഹോക്ക് കമ്മിറ്റിയുടെ പരിശോധനകൾക്ക് ശേഷമേ വ്യക്തമാവുകയുള്ളൂ. നിലവിലെ ഭാരവാഹികൾ സ്ഥാനത്ത് നിന്ന് മാറിനില്ക്കണമെന്നും എക്‌സികുട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!