പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Share our post

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ പൂജയ്ക്കായും നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.

ദേവസ്വം ബോർഡിൻ്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, അരളിപ്പൂവ് പൂർണമായും ക്ഷേത്ര ആവശ്യങ്ങളിൽ നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാർത്തൽ, പുഷ്‌പാഭിഷേകം, പൂമൂടൽ പോലെയുള്ള ചടങ്ങുകൾ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളിൽ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയിൽ തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങൾക്ക് കൈയിൽ കിട്ടുമ്പോൾ അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തിൽനിന്നും അർച്ചനയിൽനിന്നും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നേരത്തേ, ശബരിമല മുന്നൊരുക്കങ്ങൾ തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ അരളിപ്പൂവിന്റെ വിഷയം ചർച്ചയായിരുന്നു. ആലപ്പുഴയിൽ ഒരു യുവതി മരിച്ചത് അരളിപ്പൂവ് ശരീരത്തിനുള്ളിൽ ചെന്നാണ് എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!