എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി, ദമ്മാം വിമാന സർവീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച്‌ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ആശങ്ക ഒഴിഞ്ഞില്ല

എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം നീണ്ടുപോവുമോ എന്ന് ആശങ്ക. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിൻവലിച്ചതായി അറിയിച്ചിട്ടില്ല. എന്നാൽ, ചില വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.

കൊച്ചിയിൽനിന്ന് ഷാർജ, ദമാം, മസ്‌കറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുമുള്ള അന്താരാഷ്ട്ര സർവീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സർവീസുമാണ് ബുധനാഴ്‌ച റദ്ദാക്കിയത്. യാത്രക്കാരിൽ കുറച്ചുപേർക്ക് ബോർഡിങ് പാസ് നൽകിയശേഷമാണ് പുലർച്ചെ ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്.

തിരുവനന്തപുരത്ത് യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് ചൊവ്വാഴ്‌ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാർജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്ന് വിമാനങ്ങളും സർവീസ് മുടങ്ങിയവയിൽ ഉൾപ്പെടുന്നു.

കരിപ്പൂരിൽ ബുധനാഴ്‌ച രാവിലെ എട്ടിനും രാത്രി 11-നും ഇടയിൽ റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

 

കണ്ണൂരിൽനിന്ന് ബുധനാഴ്‌ച പുലർച്ചെയും പകലുമായി ഷാർജ, മസ്‌റ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്‌ചത്തെ സർവീസുകളും റദ്ദായി. വൈകീട്ട് കുവൈത്തിലേക്കുള്ള സർവീസും റദ്ദാക്കി.

 

ജീവനക്കാർ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വ്യോമയാന മന്ത്രിക്ക് കത്തയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!