സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം; പെണ്‍കുട്ടികളെ കബളിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

Share our post

കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇവ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊല്ലം വൈ നഗറിൽ ബദരിയ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്.

സ്കൂളുകളിലെ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന് പറഞ്ഞ് ബ്രോഷർ അയച്ചു നൽകും. ഇതിനുശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിച്ച് അവരിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും. പിന്നീട് പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

അടുത്ത രംഗം അഭിനയിക്കാൻ വേണ്ടി ക്യാമറയ്ക്ക് മുമ്പിൽ നിന്നും ഡ്രസ്സ് മാറാൻ ആവശ്യപ്പെടുകയും ഇത് ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്താണ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്. കൂട്ടുകാരികളിൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം വിദ്യാർത്ഥികളിൽ നിന്ന് കൈക്കലാക്കും. പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി.

വിദ്യാഭ്യാസം കുറവായ സാധാരണക്കാരായ ആളുകളെ സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തുന്നത്. ഇയാളുടെ പേരിൽ നൂറനാട് പൊലീസ് സ്റ്റേഷനിലും കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. 2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!