കോടികളുടെ നിക്ഷേപത്തട്ടിപ്പ്: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കുടുംബവും അറസ്റ്റിൽ

Share our post

തിരുവല്ല(പത്തനംതിട്ട): നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായി. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.

എൻ.എം. രാജു കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാണ്. നിക്ഷേപത്തട്ടിപ്പിന് തിരുവല്ല സ്റ്റേഷനിൽ പന്ത്രണ്ടും പുളിക്കീഴ് സ്റ്റേഷനിൽ നാലും കേസുകളുണ്ട്. ഈ കേസുകളിൽ രണ്ട് കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്ന് ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു. കേരളത്തിൽ പലയിടത്തായി 150 ശാഖകളുള്ള സ്ഥാപനമാണ് നെടുമ്പറമ്പിൽ. മറ്റ് പോലീസ് സ്‌റ്റേഷനുകളിലും നിക്ഷേപത്തട്ടിപ്പിന് പരാതി ലഭിച്ചുതുടങ്ങി.

പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ പലവട്ടം തിരുവല്ലയിലെ ഹെഡ് ഓഫീസിലും രാജുവിന്റെ വീട്ടിലും എത്തിയിരുന്നു. വിവിധ തീയതികളിൽ പണം നൽകാമെന്ന ഉറപ്പ് നൽകി ഇവരെ രാജു മടക്കി. ധനകാര്യ സ്ഥാപനത്തിന്റെ സഹ പാർട്ണർമാരാണ് കുടുംബാംഗങ്ങൾ. ആദ്യഘട്ടത്തിൽ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർക്ക് മധ്യസ്ഥ ചർച്ചയിലൂടെ പണം തിരികെ നൽകിയിരുന്നു.

പിന്നീട് കൂടുതൽ പേർ എത്തിയതോടെ പണം നൽകാനാകാത്ത സ്ഥിതിയായി. ധനകാര്യ സ്ഥാപനത്തിന് പുറമേ റിയൽ എസ്റ്റേറ്റ്, ടെക്‌സ്റ്റൈൽസ്, വാഹന ഡീലർഷിപ്പ് തുടങ്ങിയ മേഖലകളിലും എൻ.എം. രാജു നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!