ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു

കണ്ണൂർ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു. തോട്ടടയിലെ സർക്കാരിന് കീഴിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്‌റ്റേർസ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേർസ് ആന്റ് വർക്കേഴ്സ് സംഘ് എന്നിവരുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിൽ കിടപ്പ് സമരം നടത്തിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് വരെയും ഡ്യുവൽ കൺട്രോൾ സിസ്റ്റം പുനരാരംഭിക്കുന്നത് വരെയും, 4/ 2024 സർക്കുലർ പിൻവലിക്കുന്നത് വരെയും സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
ഇന്ന് കാലത്ത് എട്ടരയോടെ എം.വി.ഐ രഞ്ജിത്ത് മോൻ ടി യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താനായി ഗ്രൗണ്ടിലെത്തിയിരുന്നു. സമരത്തിലുള്ള സംഘടനകളുടെ കീഴിലുള്ള സ്കൂളുകൾ ടെസ്റ്റിനായി ആരേയും ഗ്രൌണ്ടിൽ എത്തിച്ചിരുന്നില്ല.നേരിട്ടും ആരും എത്തിയിരുന്നില്ല.ഇത് ടെസ്റ്റ് നടത്താനാവാത്ത സ്ഥിതി സംജാതമാക്കുകയായിരുന്നു. ശനിയാഴ്ച്ചയും ഡ്രൈവിംഗ് സ്കൂൾ യൂനിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റുകൾ പൂർണമായും തടസപ്പെട്ടിരുന്നു.