ദുബൈ വഴിയുള്ള കണക്ഷൻ സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എയർലൈൻ

Share our post

ദുബൈ: ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇന്ന് (ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരും.

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാന യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ കഴിഞ്ഞ ദിവസവും നിർത്തിവെച്ചിരുന്നു. ബുധനാഴ്ചയാണ് ചെക്ക് ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ദുബൈയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഏപ്രില്‍ 17 (ബുധനാഴ്ച) എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ ചെക്ക്-ഇന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്റെ വക്താവ് അറിയിച്ചിരുന്നു. മോശം കാലാവസ്ഥയും റോഡിലെ സാഹചര്യങ്ങളും മൂലം പ്രവര്‍ത്തനത്തെ ബാധിച്ചത് കണക്കിലെടുത്തായിരുന്നു തീരുമാനം.

അതേസമയം യു.എ.ഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴയാണ്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!