19 വർഷത്തെ കാത്തിരിപ്പ്; പെരുവ-കടലുകണ്ടം പാലം യാഥാർത്ഥ്യത്തിലേക്ക്

കോളയാട്: പെരുവയിൽ ഇടുമ്പ പുഴക്ക് കുറുകെ പുനർനിർമിക്കുന്ന കടലുകണ്ടം പാലം യാഥാർഥ്യത്തിലേക്ക്. 19 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമായി. നിരവധി കുടുംബങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് രണ്ടു കോടി 35 ലക്ഷം രൂപയുടെ പദ്ധതിയിലൂടെ പൂർത്തിയാവുന്നത്.
പുഴക്ക് കുറുകെ 2005-ൽ നിർമിച്ച പാലം ശക്തമായ മഴവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. മഴയിൽ ഒലിച്ചെത്തിയ വലിയ മരത്തടികൾ തൂണുകളിലിടിച്ചതിനാലാണ് നിർമിച്ച് മാസങ്ങൾക്കുള്ളിൽ പാലം തകരാൻ കാരണം.
കടലുകണ്ടം, ചന്ദ്രോത്ത്, ആക്കം മൂല, കളാങ്കണ്ടി കോളനികളിലെ നൂറോളം കുടുംബങ്ങൾക്ക് പ്രധാന ടൗണുകളിലേക്ക് എത്തിച്ചേരാനുള്ള ഏകാശ്രയമായിരുന്നു ഈ പാലം. പട്ടികവർഗ വകുപ്പിൻ്റെ 2022-23 വർഷത്തെ കോർപ്പസ് ഫണ്ടുപയോഗിച്ചാണ് പാലം പുനർനിർമിക്കുന്നത്.