ചെക്കേരിയിൽ അങ്കണവാടിക്ക് കുഴൽക്കിണർ നിർമിച്ചിട്ട് മാസങ്ങൾ; കുടിവെള്ളം ഇനിയും കിട്ടാക്കനി

പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ അങ്കണവാടിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് നിർമിച്ച കുഴൽക്കിണറിൽ നിന്ന് ഇനിയും കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം. കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോർ പ്രവർത്തിക്കാത്തതാണ് കാരണം. കോളയാട് പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ ഇതേ പദ്ധതിയിൽ കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണം നടക്കുന്നുണ്ട്. എന്നാൽ, ചെക്കേരിയിലെ കുഴൽക്കിണറിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കാൻ കറാറുകാരൻ അലംഭാവം തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
വെള്ളം ലഭ്യമാക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം ഉന്നതാധികൃതർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.