ശ്രീ ഭക്തിസംവര്‍ധിനി യോഗം സെക്രട്ടറി കെ.പി. പവിത്രന്‍ അന്തരിച്ചു

Share our post

കണ്ണൂര്‍: ശ്രീ ഭക്തിസംവര്‍ധിനി യോഗം സെക്രട്ടറി പള്ളിക്കുന്ന് `വിദ്യ’യില്‍ കെ.പി. പവിത്രന്‍ അന്തരിച്ചു.അസുഖബാധിതനായി ചികില്‍സയിലായിരുന്നു.
ഉത്തരമലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ഭക്തിസംവര്‍ധിനി യോഗത്തിന്റെ സുദീര്‍ഘ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കെ.പി. പവിത്രന്‍. 1977 ശ്രീ ഭക്തിസംവര്‍ധിനി യോഗത്തിന്റെ ഡയറക്ടറായി, പിന്നീട് ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും സേവനങ്ങള്‍ നടത്തി.

ഗുരുദേവ ആശയപ്രചാരണ രംഗത്ത് ഗുരുദേവന്‍ കാണിച്ച മാര്‍ഗ്ഗത്തിലൂടെ യോഗത്തെയും ക്ഷേത്രത്തെയും നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എസ്. എൻ. വിദ്യാമന്ദിർ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യോഗം വകയായുള്ള ഐ.ടി.സി, ശ്രീനാരായണ ഗുരു കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആൻഡ് ടെക്‌നോളജി തുടങ്ങിയവ കെ.പി പവിത്രന്റെയും സഹപ്രവര്‍ത്തകരുടെയും പ്രയത്‌നഫലമാണ് ഉന്നതിയില്‍ നില്‍ക്കുന്നത്. കുമാരനാശാന്‍ വായനശാലയും റിസര്‍ച്ച് സെന്ററും എടുത്തുപറയേണ്ട സ്ഥാപനമാണ്.

കെ.എസ്.ഇ.ബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച കെ.പി. പവിത്രന്‍ ജീവിതത്തിലുടനീളം ശ്രീനാരായണ ആശയങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി പ്രയത്‌നിച്ച വ്യക്തിത്വമാണ്. ശ്രീനാരായണ സാംസ്‌കാരിക സമിതി, എസ്.എന്‍.ഡി.പി യോഗം എന്നിവയിലും അംഗമായിരുന്നു. കെ.പി പവിത്രന്റെ സേവനങ്ങളെ പുരസ്‌കരിച്ച് കണ്ണൂര്‍ മിറര്‍ പ്രഥമ ഗുരുസാഗര പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രയത്‌നിച്ച കെ.പി. പവിത്രന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

പരേതരായ പി.സി . വാസവന്‍-ഒ.കെ യശേദ എന്നിവരുടെ മകനാണ്. ഭാര്യ പി.പി. സുഷമ. ബിജോയ് (കൊച്ചി ), സുജോയ് (ബിസിനസ്, എറണാകുളം), വിദ്യ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലിജ ബിജോയ്, വര്‍ഷ സുജോയ്, സൂരജ് കൃഷ്ണരാജ്. സഹോദരങ്ങള്‍:സുമാലിനി ലക്ഷ്മണന്‍, പരേതയായ പ്രേമലത ചന്ദ്രന്‍, പ്രേമരാജന്‍, വനജരവീന്ദ്രന്‍, രേണുക ഗംഗാധരന്‍, ആശ ഷൗക്കത്ത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!