കോട്ടയം യു.ഡി.എഫിൽ പൊട്ടിത്തെറി; സജി മഞ്ഞക്കടമ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു

കോട്ടയം: കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നാണ് സജിയുടെ പരാതി. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ഒഴിവാക്കി എന്നതടക്കമുള്ള അമർഷം സജിക്ക് ഉണ്ടായിരുന്നു.
കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പിൽ. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തുടങ്ങി. പിന്നാലെയാണ് മാറ്റിനിർത്തുന്നുവെന്ന തോന്നൽ സജിക്കുണ്ടായത്. തുടർന്ന് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെക്കുകയായിരുന്നു.
അതിനിടെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാരായ രണ്ട് പേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.
അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ‘ഫ്രാൻസിസ് ജോര്‍ജ്ജു’മാരുടെ പിന്നിൽ എൽഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ് ആരോപിക്കുകയും ചെയ്തിരുന്നു.
സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നായിരുന്നു ആരോപണം.