സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്ക്; പൂളക്കുറ്റി ഹെൽത്ത് സബ് സെന്റർ പുനർ നിർമ്മാണം പ്രതിസന്ധിയിൽ

കണിച്ചാർ: നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്നതും, ഉരുൾപൊട്ടലിൽ തകർന്നു പോയതുമായ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ പുനർ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് നൽകിയിരിക്കുന്നത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലാക്കിയത്.
കലുങ്കിനോട് ചേർന്ന് സുരക്ഷാ ഭിത്തികൾ നിർമ്മിക്കുക, പി.എച്ച്.സി കെട്ടിടത്തിന്റെ തറനിരപ്പ് ഉയർത്തി പണിയുക, പരിസരത്തിന് ചുറ്റും മതിൽ പണിയുക തുടങ്ങിയ ഉപാധികളോടെ സബ് സെന്ററിന്റെ പുനർനിർമ്മാണം നടത്താം എന്നാണ് ജിയോളജി വകുപ്പ് ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ മറികടന്ന് മേൽപ്പറഞ്ഞ ശുപാർശകളോടെ നിർമ്മാണം പൂർത്തിയായാലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമിപ്പോഴുമുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായവ നിർമിമിക്കാൻ അനുമതി ഇല്ല എന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അറിയിച്ചത്. ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നപ്പോൾ തന്നെ ഇത് പൂളക്കുറ്റിയിലേക്ക് മാറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്. 2022 ആഗസ്റ്റ് രണ്ടിനാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്.
ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നതോടെ ഭരണപക്ഷത്തെ രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം പൂളക്കുറ്റിയിൽ വാടക കെട്ടിടത്തിലേക്ക് ഹെൽത്ത് സെന്റർ മാറ്റിയിരുന്നു. എന്നാൽ പൂളക്കുറ്റിയിൽ ഇത്തരം സബ് സെന്റർ പ്രവർത്തിച്ചാൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും അറ്റത്താണ് ഇപ്പോൾ താൽക്കാലികമായി സെന്റർ പ്രവർത്തിക്കുന്നത്. ധാരാളം ആളുകൾക്ക് പ്രയോജനപ്പെടുന്ന നെടുംപുറംചാൽ മേഖലയിലാണ് വേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം.
വിവിധ ഭാഗങ്ങളിൽ നിന്ന് നെടുംപുറംചാലിലേക്ക് ആളുകൾക്ക് എത്താൻ കഴിയും. എന്നാൽ പൂളക്കുറ്റിയിലേക്ക് വാഹനസൗകര്യവും കുറവായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് എത്താൻ വളരെ പ്രയാസമാകും.
നിലവിലെ സ്ഥലത്ത് സബ് സെന്റർ പുനർനിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സബ് സെന്റർ പൂളക്കുറ്റിയിലേക്ക് മാറ്റുന്നതിനുള്ള ഗൂഢനീക്കമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഈ റിപ്പോർട്ടെന്നും ആരോപണമുണ്ട്.