ഇന്ന് ദു:ഖവെള്ളി: ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

കൊച്ചി: യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്രയാണ് കുരിശിൻ്റെ വഴിയായി അനുസ്മരിക്കുന്നത്. ദുഃഖ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾക്ക് കൈപ്പ് നീര് നൽകും. കുരിശിൽ കിടന്നപ്പോൾ തൊണ്ട വരണ്ട സമയത്ത് കുടിക്കാൻ വെള്ളം ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികൾ നൽകിയതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായാണ് ഇന്ന് കയ്പുനീര് കുടിക്കുന്നത്.