എസ്.ബി.ഐ ഡെബിറ്റ് കാർഡ് ഉടമകളാണോ? വാർഷിക ചാർജുകൾ കൂടുതൽ നൽകേണ്ടി വരും

ന്യൂഡൽഹി: ചില ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വാർഷിക മെയിൻ്റനൻസ് ചാർജുകൾ പരിഷ്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുക്കിയ നിരക്കുകൾ 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വാർഷിക മെയിൻ്റനൻസ് ചാർജുകൾ അറിയാം.
ക്ലാസിക് ഡെബിറ്റ് കാർഡുകൾ
ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ്‌ലെസ് ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള കാർഡുകളുടെ വാർഷിക ചാർജുകൾ നിലവിലുള്ള 125 രൂപയിൽ നിന്ന് എസ്.ബി.ഐ 200 രൂപയാക്കി ഉയർത്തി.
യുവയും മറ്റ് കാർഡുകളും
യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡ്, മൈ കാർഡ് (ഇമേജ് കാർഡ്) തുടങ്ങിയ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തി.
പ്ലാറ്റിനം ഡെബിറ്റ് കാർഡ്
എസ്.ബി.ഐ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് വാർഷിക ചാർജ് നിലവിലുള്ള 250 രൂപയിൽ നിന്ന് 325 രൂപയാക്കി ഉയർത്തി.
പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ്
പ്രൈഡ് പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് പോലുള്ള എസ്.ബി.ഐ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക മെയിൻ്റനൻസ് ചാർജുകൾ നിലവിലുള്ള 350 രൂപയിൽ നിന്ന് 425 രൂപയായി വർധിപ്പിച്ചു.
മറ്റൊരു പ്രധാനകാര്യം ഇവയ്‌ക്കെല്ലാം 18% ജി.എസ്.ടി ബാധകമാണ്.
എസ്.ബി.ഐ കാർഡ് അതിൻ്റെ ക്രെഡിറ്റ് കാർഡുകളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ ഒന്ന് മുതൽ ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക നൽകുന്നതിലൂടെ ലഭിക്കുന്ന റിവാർഡ് പോയിൻ്റുകളുടെ ശേഖരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. വാടക പേയ്‌മെൻ്റ് ഇടപാടുകളിലെ റിവാർഡ് പോയിൻ്റുകളുടെ ശേഖരണം 2024 ഏപ്രിൽ 15-ന് അവസാനിക്കും.