മട്ടന്നൂരിലെ അക്രമം: ആറുപേർകൂടി അറസ്റ്റിൽ

മട്ടന്നൂർ : ഇടവേലിക്കലിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറുപേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊക്കയിൽ സ്വദേശി സുജി (30), ദേവർക്കാട്ടെ ജ്യോതിഷ് (31), പെരുന്തറച്ചാൽ സ്വദേശികളായ രഞ്ജിത്ത് (30), രാജേഷ് (26), അക്ഷയ് (28), വിനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എല്ലാവരും ആർ.എസ്.എസ്. പ്രവർത്തകരാണ്. ഞായറാഴ്ച രാത്രി ഇടവേലിക്കലിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സി.പി.എം. ഇടവേലിക്കൽ ബ്രാഞ്ചംഗം ലതീഷ്, സുനോപ്, റിജിൽ എന്നിവരെയാണ് വടിവാളും മറ്റുമായെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. മട്ടന്നൂർ ടൗണിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോപാൽ, മട്ടന്നൂർ ഇൻസ്പെക്ടർ എം.സി.അഭിലാഷ്, എസ്.ഐ. ആർ.എൻ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ അക്രമമല്ലെന്നും വ്യക്തിവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നും പോലീസ് പറഞ്ഞു. ഇടവേലിക്കൽ മേഖലയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.