കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് നിരക്ക് കുറയും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് സ്വകാര്യസ്ഥാപനങ്ങളിലേതിനേക്കാൾ നിരക്ക് കുറയും. 30 ശതമാനത്തിന്റെ എങ്കിലും കുറവ് വരുത്താനാണ് ധാരണ. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂൾ തുറക്കുന്നത്. എറണാകുളം ജില്ലയിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലുണ്ടാകും.
ടൂവീലർ, എൽ.എം.വി, ഹെവി വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനമുണ്ടാകും. കെ.എസ്.ആർ.ടി.സി ഹെവി ഡ്രൈവിങ് പരിശീലനത്തിന് 22 ബസുകൾ തയ്യാറാക്കി. 44 വീതം കാറുകളും ബൈക്കുകളും വാങ്ങിക്കും. സ്‌കൂളിൽ ഒരു കാറും ഒരു ബൈക്കും വനിതകൾക്കായി മാറ്റിവയ്ക്കും.
സ്വകാര്യസ്ഥാപനങ്ങളിൽ ഏകീകൃത ഫീസ് നിരക്കില്ല. കെ.എസ്.ആർ.ടി.സിയിൽ ഒരു നിരക്കായിരിക്കും. പരിശീലനം നൽകാൻ ജീവനക്കാരിൽനിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. 22 പേരെയാണ് തെരഞ്ഞെടുക്കുക. ഇവരെ പരിശീലകരായി കാണിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. നിലവിൽ അട്ടക്കുളങ്ങരയിലെ സ്റ്റാഫ് ട്രെയിനിങ് സെന്ററിന് ഡ്രൈവിങ് സ്‌കൂൾ ലൈസൻസുണ്ട്.
ഈ മാസം 30നുമുമ്പ് മറ്റിടങ്ങളിൽ ഡ്രൈവിങ് സ്‌കൂളിനുള്ള ലൈസൻസ് എടുക്കും. ഡ്രൈവിങ് സ്‌കൂളിൽ അംഗീകൃത പാഠ്യപദ്ധതിയുണ്ടാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഡ്രൈവിങ് തിയറി, ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നതാകും പാഠ്യപദ്ധതി. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാകുന്നവരെയാകും ടെസ്റ്റിന് ഹാജരാക്കുക.