കടുവയ്ക്ക് നെഞ്ചിൽ പരിക്ക്; നെയ്യാറിലേക്ക് മാറ്റും

കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടെങ്കിലും ഇവ ഗുരുതരമല്ല.
തുടർ ചികിത്സയ്ക്കായാണ് പ്രാഥമിക പരിശോധനകൾക്കുശേഷം കടുവയെ നെയ്യാറിലേക്ക് മാറ്റുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ. ഡോ. ആർ. രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചു പിടിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് പരിശ്രമങ്ങൾക്കൊടുവിൽ കടുവ കൂട്ടിലായത്. മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ പ്രാഥമിക പരിശോധനയ്ക്കായി കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം കടുവയെ തുടർ ചികിത്സയ്ക്കായി നെയ്യാറിലേക്ക് മാറ്റുമെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് പറഞ്ഞു.