പേരാവൂർ ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി നീട്ടി നല്കി

പേരാവൂർ : സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഭരണസമിതി പിരിച്ചുവിടപ്പെട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ചുമതല വഹിക്കുന്നഅഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി ഉത്തരവിറങ്ങി. 2023 നവമ്പറിൽ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ നിയമിച്ച മൂന്നംഗ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയുംകോടതി ഉത്തരവ് പ്രകാരം ക്ഷീര സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് നിർവഹിക്കാൻ കഴിയാത്തതിനാലുമാണ് കമ്മിറ്റിയുടെ കാലാവധി നീട്ടി നല്കിയത്.പേരാവൂർ ക്ഷീര വികസന ഓഫീസർ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ പ്രസിഡന്റായുള്ള പേരാവൂർ ക്ഷീര സംഘം ഭരണസമിതിയെ സാമ്പത്തിക ക്രമക്കടുകളെത്തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ടത്.സംഘത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിടുകയും വകുപ്പിന്റെ ആവശ്യത്തിന്മേൽ ഡിസമ്പറിൽ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഞ്ജാപനമിറക്കുകയും ചെയ്തു.
എന്നാൽ,പിരിച്ചുവിടപ്പെട്ട ഭരണസമിതി പ്രസിഡന്റ് കെ.ശശീന്ദ്രനും മറ്റു ഭരണസമിതി അംഗങ്ങളും ഹൈക്കോടതിയെ സമീപിച്ച് പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നല്കി. വിധി വരും വരെ തിരഞ്ഞെടുപ്പ് നീട്ടണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് നടപടി നിർത്തിവെപ്പിക്കുകയും ചെയ്തു.
ഭരണസമിതിയെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന ഹർജിയിൽവിധി വൈകുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കിയത്.