മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ്: പ്രവേശനം എടക്കാട്ടു നിന്ന്

കണ്ണൂർ : മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ വടക്കുഭാഗത്തെ പ്രവേശനം എടക്കാട്ടു നിന്ന് തുറന്നുകൊടുക്കും. മുഴപ്പിലങ്ങാട് മഠംഭാഗത്തു നിന്നാണ് മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ തുടക്കമെങ്കിലും എടക്കാട് പോലീസ് സ്റ്റേഷൻ ഭാഗത്തു നിന്നുതന്നെ പ്രവേശനം അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
മുഴപ്പിലങ്ങാടുമുതൽ തളിപ്പറമ്പുവരെയുള്ള ബൈപ്പാസിന്റെ ഭാഗമാണ് എടക്കാടു മുതൽ മുഴപ്പിലങ്ങാട് മഠംവരെയുള്ള ഭാഗം. കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് നിലവിലെ ദേശീയപാതയിലൂടെയെത്തി ഇവിടേക്ക് കടക്കാനാകും.
മുഴപ്പിലങ്ങാട് മഠംമുതൽ എടക്കാട് പോലീസ് സ്റ്റേഷൻവരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയായി. മുഴപ്പിലങ്ങാടുമുതൽ തളിപ്പറമ്പുവരെയുള്ള റീച്ചിന്റെ ചുമതലയുള്ള വിശ്വസമുദ്ര ഗ്രൂപ്പിനോട് പണി വേഗത്തിൽ തീർക്കാൻ നിർദേശം നൽകി.
മാഹിയിലെ കുരുക്ക്
പൂർണമായി അഴിയില്ലബൈപ്പാസ് തുറന്നാൽ മാഹിയിലെ ഗതാഗതക്കുരുക്കിന് പൂർണമായി പരിഹാരമാകില്ലെന്നാണ് വിലയിരുത്തുന്നത്. വലിയ ടാങ്കറുകളും ചരക്കുലോറികളും ബൈപ്പാസിലൂടെ പോകുമെങ്കിലും കുറെയേറെ വാഹനങ്ങൾ മാഹിയിലൂടെ കടന്നുപോകാനാണ് സാധ്യത.
ഇന്ധനത്തിന് കേരളത്തെ അപേക്ഷിച്ചുള്ള വിലക്കുറവാണ് ഇതിന് വഴിവെക്കുക. ലോറിയിൽ മുഴുവൻ ടാങ്ക് നിറച്ചാൽ കേരളത്തിലേതിനേക്കാൾ 5000 രൂപയുടെ കുറവുണ്ട്. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് അഴിയൂരാണ് എത്തിച്ചേരുന്നത്.
അഴിയൂരിൽ നിന്ന് പൂഴിത്തല വഴി മാഹിയിലെ പെടോൾ പമ്പുകളിലേക്ക് ഏകദേശം ഒന്നരക്കിലേുമീറ്റർ ദൂരമാണുള്ളത്. പുഴിത്തലമുതൽ ആസ്പത്രിവരെ ഇടുങ്ങിയതും കയറ്റിറക്കമുള്ളതുമാണ് ദേശീയപാത.