സുരക്ഷിതമായി കിടന്നുറങ്ങാൻ കരുണതേടി അമ്മയും ഭിന്നശേഷിക്കാരിയായ മകളും

പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ് ഈ കുടുംബത്തിന്റെ താമസം. സായീവിലാസത്തിൽ അംബികയും 25-കാരിയായ 40 ശതമാനത്തോളം അംഗപരിമിതയുള്ള കീർത്തിയുമാണ് നടുനിവർന്നൊന്ന് കിടന്നുറങ്ങാൻ പോലുമാകാതെ ഇവിടെ കഴിയുന്നത്.
അംബികയുടെ ഭർത്താവ് കൃഷ്ണദാസ് പത്ത് വർഷം മുൻപ് മരിച്ചു. ഇതോടെ മകളെ വീട്ടിൽ തനിച്ചാക്കി തൊഴിലിന് പോകാൻ അംബികയ്ക്ക് കഴിയാതായി. കീർത്തിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും അംബികയുടെ വിധവാപെൻഷനും മാത്രമാണ് കുടുംബത്തിന് ആശ്രയം.
മുൻപ് വീടിന്റെ മേൽക്കൂര തകർന്നപ്പോൾ നാട്ടിലെ സുമനസ്സുകൾ ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിക്കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഒരുഭാഗത്തെ കഴുക്കോലുകൾ പൂർണമായും പൊട്ടിയതോടെ വീട് അപകടാവസ്ഥയിലായി. കിടക്കാൻപോലും സാധിക്കാത്ത വിധം ദുരിതത്തിലാണ് അമ്മയും മകളും. വീട്ടിനുള്ളിലെ ഫർണിച്ചറെല്ലാം പൊട്ടിത്തകർന്നു. തകർന്ന കസേരകളിലിരുന്നാണ് രാത്രി ഇവർ ഉറങ്ങുന്നത്.
മകളുടെ ചികിത്സയ്ക്കും നിത്യച്ചെലവിനും പെൻഷൻ തുക തികയുന്നില്ല. ഇതിനിടയിലാണ് വീട് പൂർണമായും തകർന്നത്. പഞ്ചായത്തിൽ നിന്നോ മറ്റോ സഹായം ലഭിക്കണമെങ്കിൽ കാലതാമസമെടുക്കുമെന്നതിനാൽ സുമനസ്സുകൾ സഹായിച്ചാേല ഈ കുടുംബത്തിന് സുരക്ഷിതമായി കഴിയാൻ സാധിക്കൂ. അവരുടെ ഫോൺ: 9605214487.