പേരാവൂർ അഗ്നിരക്ഷാനിലയത്തിന് പഞ്ചായത്ത് നല്കിയ സ്ഥലത്തിന്റെ രേഖ കൈമാറി

പേരാവൂർ: പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ 20 സെന്റ് ഭൂമിയുടെ രേഖ റവന്യൂ അധികൃതർ കൈമാറി.ഇരിട്ടി താലൂക്ക്തഹസിൽദാർ സി.പി.പ്രകാശനിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ മേധാവി എസ്.കെ.ബിജുക്കുട്ടൻ രേഖ ഏറ്റുവാങ്ങി.പേരാവൂർ അഗ്നിരക്ഷാ നിലയം മേധാവി സി.ശശി,റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പേരാവൂർ-പെരിങ്ങാനം റോഡരികിലാണ് അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നത്.പഞ്ചായത്തിൽ നിന്നും റവന്യൂ അധികൃതർ ഏറ്റെടുത്ത ഭൂമിയുടെ നിയന്ത്രണാധികാരം റവന്യൂ വകുപ്പിനാണ്.ഭൂമിയിൽ കെട്ടിടം നിർമിക്കാനും പരിപാലിക്കാനുമുള്ള അനുമതി അഗ്നിരക്ഷാവകുപ്പിന് നല്കി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.ഈ വർഷം ഡിസമ്പറിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ കഴിഞ്ഞ 15 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന് സ്വന്തമായി കെട്ടിടമെന്ന ആവശ്യം സഫലമാവും.എം.പിയുടെയോ എം.എൽ.എയുടെയോ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി കെട്ടിട നിർമാണം വേഗത്തിലാക്കാനാണ് അഗ്നിരക്ഷാ വകുപ്പിന്റെ തീരുമാനം.