പേരാവൂർ താലൂക്കാസ്പത്രിയുടെ ശോചനീയാവസ്ഥ; കോൺഗ്രസ് ഉപവാസ സമരം വ്യാഴാഴ്ച

പേരാവൂർ: താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തും.വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പേരാവൂർ ടൗണിൽ ആസ്പത്രി ജംഗ്ഷനിലാണ് ഉപവാസ സമരം നടക്കുക.
അന്നേദിവസം പൊതുജങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരാതി നല്കും.പ്രശ്‌നപരിഹാരം നീളുന്ന പക്ഷം പാർട്ടിയും പോഷക സംഘടനകളും ചേർന്ന് സമരവാരം സംഘടിപ്പിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്യും.സമാപന യോഗം സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ്, കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ് അഡ്വ. ഷഫീർ ചെക്യാട്ട്, മുഴക്കുന്ന് മണ്ഡലം പ്രസിഡൻറ് കെ.എം.ഗിരീഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിസി.സുഭാഷ് എന്നിവർ സംസാരിച്ചു.