ഡോക്ടർമാർ അവധിയിൽ; പേരാവൂർ താലൂക്കാസ്പത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം

Share our post

പേരാവൂർ: ആകെയുള്ള ഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും അവധിയിലായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിലായി. സൂപ്രണ്ടടക്കം 14 ഡോക്ടർ തസ്തികയുള്ള ആസ്പത്രിയിൽ നിലവിൽ എട്ട് പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (നാല്), അസിസ്റ്റന്റ് സർജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), പീഡിയാട്രിക്ക് (ഒന്ന്), ഇ.എൻ.ടി (ഒന്ന്), ജൂനിയർ കൺസൾട്ടന്റ് മെഡിസിൻ (രണ്ട്) എന്നിങ്ങനെ 14 പേരാണ് ഇവിടെ വേണ്ടത്.

സൂപ്രണ്ട് സ്ഥലം മാറ്റം ലഭിച്ച് പോയതിനാൽ കഴിഞ്ഞ പത്ത് മാസങ്ങളായി അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് സൂപ്രണ്ട് ഇൻ ചാർജ് .ഇതോടെ ഈ വിഭാഗത്തിൽ ഒരാളുടെ കുറവ് വന്നു. നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരിൽ രണ്ടു പേരും മെഡിസിൻ വിഭാഗത്തിലും ഒരാളും അവധിയിലാണ്. ദന്തരോഗ വിഭാഗത്തിൽ ദന്തൽ അസിസ്റ്റന്റ് സർജൻ പോസ്റ്റിലും ആളില്ല. എച്ച്.എം.സി ഏർപ്പെടുത്തിയ താത്കാലിക ദന്തൽ അസിസ്റ്റന്റ് സർജനാണുള്ളത്.

ഒ.പിയിലും അത്യാഹിതവിഭാഗത്തിലും തിരക്ക് തന്നെ

ദിവസവും എണ്ണൂറിനും ആയിരത്തിനുമിടയിൽ രോഗികൾ ഒ.പി.യിൽ ചികിത്സക്ക് എത്തുന്നുണ്ട്. ഇത്രയുമാളുകളെ പരിശോധിക്കാൻ മിനിമം നാല് ഡോക്ടർമാരെങ്കിലും വേണം. അത്യാഹിത വിഭാഗത്തിൽ ദിവസം ശരാശരി 300 രോഗികളെത്തുന്നുണ്ട്. ഇവിടെ രണ്ട് ഷിഫ്റ്റിലായി രണ്ട് പേരും വേണം. ജീവിതശൈലീ രോഗ ക്ലിനിക്ക്, പനി ക്ലിനിക്ക്, ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവക്കായി രണ്ട് ഡോക്ടർമാരും ആവശ്യമാണ്.

ഇത്രയും ഡോക്ടർമാർ ആവശ്യമായിരിക്കെ, നിലവിലുള്ള നാലുപേർ അവധിയിലായിട്ടും ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു പീഡിയാട്രീഷനും ഒരു അനസ്തഷിസ്റ്റുമുള്ളതിനൽ ശിശുരോഗ വിഭാഗം കുഴപ്പങ്ങളില്ലാതെ പോകുന്നുണ്ട്.

സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല

ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ സ്‌പെഷാലിറ്റി ഡോക്ടർമാരാണ് ഒ.പി ഡ്യൂട്ടി കൂടി ചെയ്യുന്നത്. ഇതിനാൽ, ഇത്തരം സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമായ രോഗികൾക്ക് യഥാസമയം സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ആസ്പത്രിയിൽ ലീവിലുള്ളവർക്ക് പകരം സംവിധാനം എത്രയുമുടനെ ഒരുക്കാൻ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ തയ്യാറാവണമെന്നാണ് ചികിത്സ തേടിയെത്തുന്ന രോഗികളുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!