ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്തിൽ പേരാവൂർ സ്വദേശിക്ക് നാല് മെഡൽ

പേരാവൂർ : പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തഃസർവകലാശാല അമ്പെയ്ത്തിൽ പേരാവൂർ സ്വദേശിക്ക് നാല് മെഡലുകൾ. കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയാണ് പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായത്.
ദേശീയ യൂണിവേഴ്‌സിറ്റി തലത്തിൽ ഒന്നാം റാങ്കും ദശരഥിനാണ്. ഇതോടെ 2023-ൽ ഒൻപത് ദേശീയ മെഡലുകൾ നേടുന്ന ഏക മലയാളിയായി ദശരഥ് മാറി. ഒക്ടോബറിൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിലും അയോധ്യയിൽ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിലും പഞ്ചാബിൽ നടന്ന സൗത്ത് വെസ്റ്റ് സോൺ ഇന്റർ യൂണിവേഴ്സിറ്റിയിലും കൂടി അഞ്ച് മെഡലുകൾ ഈ വർഷം നേടിയിരുന്നു.
ദശരഥിന് ഒപ്പം സഹോദരങ്ങളായ സിദ്ധാർഥും ഋഷികയും അഭിമന്യുവും സംസ്ഥാനതലത്തിലും വിവിധ ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഡിഗ്രി വിദ്യാർഥിയാണ് ദശരഥ് രാജഗോപാൽ.
പേരാവൂർ എടത്തൊട്ടിയിൽ കുഞ്ഞുംവീട്ടിൽ രാജഗോപാലിന്റെയും സീമ രാജഗോപാലിന്റെയും മകനാണ്. പരിമിതമായ പരിശീലനസൗകര്യവും കായികോപകരണങ്ങളും ഉപയോഗിച്ചാണ് നേട്ടങ്ങൾ കൈവരിച്ചത്. സർക്കാരിൽനിന്നും വന്ന അറിയിപ്പ് പ്രകാരം അപേക്ഷകൾ കൊടുത്തെങ്കിലും ഇതുവരെയും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. ദശരഥ് രാജഗോപാൽ