കളരിപ്പയറ്റ് പ്രദർശനം

മട്ടന്നൂർ : കളരിപ്പയറ്റ് വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘തട്ടകം’ പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ് പ്രദർശനം നടത്തി.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന് കീഴിൽ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ നേതൃത്വത്തിലാണ് വെള്ളിയാംപറമ്പ് ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ പ്രദർശനം നടത്തിയത്. ദിനേശൻ ഗുരുക്കളുടെ നേതൃത്വത്തിൽ പയ്യമ്പള്ളി കളരി സംഘമാണ് കളരിമുറകൾ പ്രദർശിപ്പിച്ചത്.
27-ന് കണ്ണൂർ പോലീസ് പരേഡ് മൈതാനത്ത് 500 പേരുടെ കളരിപ്പയറ്റ് പ്രദർശനം ഒരുക്കുന്നുണ്ട്. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ജനുവരി കളരിയുടെ മാസമായി ആഘോഷിക്കുന്നതിനും എല്ലാ വർഷവും കളരിപ്പയറ്റ് പ്രദർശനം നടത്താനുമാണ് നോംറ്റോയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ഉദ്ദേശിക്കുന്നത്.