പേരാവൂരിൽ കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ അഞ്ജാത വാഹനം പോലീസ് കണ്ടെത്തി

പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ എന്ന സ്വകാര്യ ബസാണ് പേരാവൂർ പേലീസ് കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവർ മുരിങ്ങോടിയിലെ വട്ടൻപുരയിൽ സജീറിനെതിരെ (35) കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം നടന്നത്. ദിവസവും സന്ധ്യക്ക് തെരുവ് വിളക്കുകളുടെ ഫ്യൂസ് ഇടുന്നതും രാവിലെ ഫ്യൂസ് ഊരുന്നതും ഉമ്മറാണ്. അന്നേ ദിവസം രാവിലെ ഫ്യൂസ് ഊരി വരുമ്പോഴാണ് ഉമ്മറിനെ ബസിടിച്ചിട്ടത്. ദൃക്സാക്ഷികളില്ലാത്തതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നിർദേശപ്രകാരം എസ്.ഐ സി. സനീത്, സീനിയർ സി.പി.ഒ അബ്ദുൾ റഷീദ്, സി.പി.ഒ ഷിജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കൃത്യമായ അന്വേഷണത്തിലൂടെയാണ് ബസ് കണ്ടെത്തിയത്.
അപകടസമയത്തിന് തൊട്ടുമുമ്പും ശേഷവും അതുവഴി കടന്നു പോയ 17 വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞ്. 110 ഓളം പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. അപകട സമയം ഗ്ലോറിയ ബസിൽ അന്ന് യാത്ര ചെയ്തത് രണ്ടു യാത്രക്കാർ മാത്രമാണ്. അവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. സാരമായി പരിക്കേറ്റ ഉമ്മർ കണ്ണൂരിലെ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകട നില ഇനിയും തരണം ചെയ്തിട്ടില്ല.