നഗരസഭാ സ്‌ക്വാഡ് ഇറങ്ങി; 250-ലധികം അനധികൃത പരസ്യബോർഡുകൾ നീക്കി

പയ്യന്നൂർ:നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നഗരസഭാ അധികൃതർ നീക്കംചെയ്തുതുടങ്ങി. പാതയോരങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കംചെയ്യുന്നത്.
പയ്യന്നൂർ ബി.കെ.എം. ജങ്ഷൻ മുതൽ പുതിയ ബസ്‌സ്റ്റാൻഡ് വരെയാണ് സ്‌ക്വാഡ് പരിശോധന നടത്തി ബോർഡുകൾ നീക്കംചെയ്തത്. യാത്രക്കാർക്ക് കാഴ്ചയ്ക്ക് തടസ്സംസൃഷ്ടിക്കുംവിധം സ്ഥാപിച്ച ബോർഡുകളും നീക്കംചെയ്തിട്ടുണ്ട്.
അനധികൃത പരസ്യബോർഡുകൾ നീക്കംചെയ്യാൻ നഗരസഭ നിർദേശംനൽകിയിരുന്നു. ഇതിനുള്ള സമയപരിധി അവസാനിച്ചതോടെയാണ് നഗരസഭാ അധികൃതർ നടപടിയുമായി രംഗത്തെത്തിയത്. നഗരസഭയിലെ ജീവനക്കാരുടെ സഹായത്തോടെ നഗരസഭാ റവന്യൂ ഇൻസ്പെക്ടർ ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ബോർഡുകൾ നീക്കിയത്.
നഗരസഭാപരിധിയിൽ ഇത്തരം അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപിച്ചവർക്കും സ്ഥാപന ഉടമകൾക്കുമെതിരേ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ എ.വി. മധുസൂദനൻ അറിയിച്ചു. സ്‌ക്വാഡിൽ ജെ.എച്ച്.ഐ.മാരായ അനീഷ്, ശ്യാംകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.