കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

Share our post

കൊളക്കാട് : പാവപ്പെട്ട മലയോര കർഷകരെ നിർബന്ധിതമായി മരണത്തിലേക്ക് തള്ളിവിടുന്ന നിലപാടുകളാണ് ഈ നാട്ടിലെ ബാങ്കുകൾ കൈക്കൊള്ളുന്നതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. പേരാവൂർ രാജമുടിയിൽ ജപ്തി ഭീഷണിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആൽബർട്ട് മുണ്ടക്കൽ എന്ന കർഷകന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കടക്കെണിയിൽ നട്ടംതിരിയുന്ന മലയോര കർഷകർക്ക് നിരന്തരം ജപ്തി നോട്ടീസുകൾ അയച്ച് സമ്മർദ്ദത്തിലാക്കുന്ന രീതിയാണ് ഈ നാട്ടിലെ ബാങ്കധികൃതർ പിന്തുടരുന്നത്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന ഓരോ കർഷകനും സാമ്പത്തിക ബാധ്യതയുടെ ഭാരം താങ്ങാൻ കഴിയാതെ നിർബന്ധിത മരണത്തിലേക്കെടുത്ത് എറിയപ്പെടുന്നവരാണ്. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗ ശല്യവും കൊണ്ട് കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത വായ്പകൾ തിരിച്ചടക്കാനാവാതെ കർഷകർ നട്ടംതിരിയുകയാണ്‌.

ഈ പ്രതിസന്ധിയിൽ കർഷകർക്ക് താങ്ങായി മാറേണ്ടത് ഇവിടുത്തെ സർക്കാർ ആണ്. മലയോര കർഷകരുടെ ജീവന് വില പറയുന്ന ബാങ്ക് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുവാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടാകണം. മന്ത്രിസഭ മുഴുവൻ കേരളത്തിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഇത്തരം ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ പരിഹരിക്കുവാൻ മുൻഗണന നൽകണം. പാവപ്പെട്ട കർഷക തൊഴിലാളികളുടെ ജീവന് സംരക്ഷണം നൽകുവാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം.

ആത്മഹത്യ ചെയ്യുന്ന ഓരോ കർഷകനും ഇവിടുത്തെ ഭരണ സംവിധാനത്തിന്റെ പരാജയത്തിന്റെ ഇരകളാണ്. മണ്ണിൽ പണിയുന്ന കർഷകന്റെ ഒപ്പം നിൽക്കുന്ന നിലപാടുകൾ ഭരണകൂടങ്ങൾ കൈക്കൊള്ളണം. തലശ്ശേരി അതിരൂപത പ്രോട്ടോ സിഞ്ചലൂസ് മോൺ. ആന്റണി മുതുകുന്നേൽ രാജമുടി പള്ളി വികാരി ഫാ. മാത്യു ചെല്ലങ്കോട് എന്നിവരും ആർച്ച് ബിഷപ്പിന്റെ ഒപ്പമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!