തടസങ്ങൾ നീങ്ങി; പേരാവൂർ താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ അന്തിമ തീരുമാനം

പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്.
ഈ വർഷം ജൂലായിൽ ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗം തീരുമാനിച്ചിരുന്നെങ്കിലും ചില അംഗങ്ങളുടെ എതിർപ്പ് കാരണം നടപ്പിലാക്കാൻസാധിച്ചിരുന്നില്ല. അധികൃതരുടെ അനുമതി വാങ്ങി പുതുതായി ഒരു ഗേറ്റ് കൂടി സ്ഥാപിച്ച് ചുറ്റുമതിൽ നിർമിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ ആവശ്യം. ഇക്കാര്യത്തിലാവശ്യമായനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് എച്ച്.എം.സി കത്ത് നൽകുകയും ചെയ്തു.
എച്ച്.എം.സിയുടെ ആവശ്യപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച സംഘം താലൂക്കാസ്പത്രി സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഗേറ്റ് മാത്രം നിലനിർത്തി ചുറ്റുമതിൽ കെട്ടാൻ നിർദേശിച്ചത്.പുതിയ ഗേറ്റ് സ്ഥാപിക്കുന്നത് രോഗികളുടെയും ആസ്പത്രി ജീവനക്കാരുടെയും സുരക്ഷക്ക് ഭീഷണിയാവുമെന്ന് ഡപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.ടി.രേഖയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് നല്കി.
ആസ്പത്രി ഭൂമിയിൽ വിവിധയിടങ്ങളിൽ ഗേറ്റ് സ്ഥാപിച്ചാൽ ദേശീയ ഗുണ നിലവാര അക്രഡിറ്റേഷൻ ലഭിക്കുന്നതിന് തടസമുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിലുള്ള മെയിൻ ഗേറ്റ് മാത്രം നിലനിർത്തി മറ്റിടങ്ങളിൽ എൻട്രിയോ എക്‌സിറ്റോ സ്ഥാപിക്കാതെ ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് ഡി.എം.ഒ ഡോ.എം.പി.ജീജയുടെ ഉത്തരവിൽ പറയുന്നു.അതേസമയം, ബസ് സ്റ്റാൻഡിൽ നിന്ന് ആസ്പത്രിയിലേക്കുള്ള വഴിയിലും ആസ്പത്രിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് റോഡിലേക്കും നടവഴി നിലനിർത്തി ചുറ്റുമതിൽ കെട്ടാനാണ് എച്ച്.എം.സിയുടെ തീരുമാനം.