പേരാവൂർ ക്ഷീരസംഘം പിരിച്ചുവിട്ടത് ഭരണസമിതിയുടെ നിരന്തരമായ വീഴ്ചമൂലമെന്ന് വകുപ്പുതല റിപ്പോർട്ട്

Share our post

പേരാവൂർ: പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിടാൻ കാരണം നിരന്തരമായ ഭരണ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളുമാണെന്ന് വകുപ്പുതല റിപ്പോർട്ട്.സഹകരണ വകുപ്പിന്റെ 2015-16 വർഷത്തെ സ്‌പെഷൽ ഓഡിറ്റിലും ഡയറി ഫാം ഇൻസ്‌പെക്ടർ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിലും സംഘം ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ സാമ്പത്തിക ക്രമക്കേടുകളും ഗുരുതര വീഴ്ചയും കണ്ടെത്തിയതായിക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഇൻസ്‌പെക്ഷൻ ടീം പേരാവൂരിലെ ക്ഷീര സംഘത്തിൽ പരിശോധന നടത്തിയപ്പോൾ 2022-23 വരെയുള്ള കണക്കുകളും രേഖകളും ഓഡിറ്റിങ്ങിന് തയ്യാറാക്കിയിരുന്നില്ല.ഇവ ഹാജരാക്കാൻ 2023 സെപ്തംബർ 30 വരെ ഭരണസമിതി സമയം ആവശ്യപ്പെടുകയും ഡെപ്യൂട്ടി ഡയറക്ടർ അനുവദിക്കുകയും ചെയ്തുവെങ്കിലും കണക്കുകൾ സമർപ്പിക്കാൻ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല.

ഇതേത്തുടർന്നാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും കൃത്യവിലോപവും നടത്തിയ സംഘം ഭരണസമിതിയെ സഹകരണ സംഘം നിയമം 32 എ/ബി പ്രകാരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഒ.സജ്‌ന പിരിച്ചുവിട്ടത്.സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രൻ പ്രസിഡന്റും പി.ബാലകൃഷ്ണൻ, പി.ജനാർദ്ദനൻ, പി.മത്തായി, വി.കെ.പുഷ്പലത, എ.മോഹനൻ,എം.ഷീബ, കെ.സുഹറ എന്നിവർ അംഗങ്ങളുമായ ഭരണസമിതിയെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്.

ക്ഷീരസംഘത്തിൽ നടന്ന ക്രമക്കേടുകളുടെ നിജസ്ഥിതിയറിയാൻ രണ്ടംഗ അന്വേഷണക്കമ്മീഷനെ സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.അന്വേഷണ സംഘം കണ്ടെത്തിയ വസ്തുതകളിൽ വ്യക്തത വരുത്താൻ കോളയാട് ക്ഷീര സംഘം മുൻ ജീവനക്കാരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ക്ഷീരസംഘം കെട്ടിടത്തിലെ കടമുറികൾ വാടകക്ക് നല്കിയതിൽ ക്രമക്കേടുകൾ നടന്നതായും ആരോപണമുയർന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!