പേരാവൂർ ക്ഷീര സംഘം ഭരണസമിതിയെ പിരിച്ചുവിട്ടത് ഉദ്യോഗസ്ഥന്റെ വ്യാജ റിപ്പോർട്ടിന്മേലെന്ന് മുൻഭരണ സമിതി

Share our post

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ ഡയറക്ടർ പിരിച്ചുവിട്ടത് അന്വേഷണ ഉദ്യോഗസ്ഥൻ നല്കിയ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയെന്നും പിരിച്ചുവിടപ്പെട്ട ഭരണ സമിതിയംഗങ്ങൾ പത്രസമ്മളനത്തിൽ അറിയിച്ചു.പിരിച്ചുവിടാനുള്ള കാരണങ്ങളെല്ലാം കെട്ടിച്ചമച്ചതും വസ്തുതകൾ വളച്ചൊടിച്ചുമാണെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് കെ.ശശീന്ദ്രൻ വ്യക്തമാക്കി.

മുൻ വർഷത്തെ ഓഡിറ്റിങ്ങിലെ ന്യൂനനതകൾ പരിഹരിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണെന്നാണ് പിരിച്ചുവിടാനുള്ള പ്രധാന കാരണമായി പറയുന്നത്.ഓഡിറ്റ് റിപ്പോർട്ടിൽ കാലിത്തീറ്റ സ്റ്റോക്ക് വകയിൽ എട്ടര ലക്ഷം രൂപയുടെ കുറവുണ്ടായി എന്നത് ചൂണ്ടിക്കാണിച്ചിരുന്നു.ഇത് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലെ അപാകതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ പറയുന്നുമുണ്ട്.സെക്രട്ടറി 2,93,708 രൂപ വിവിധയിനത്തിൽ സംഘത്തിൽ തിരിച്ചടക്കണമെന്ന ഓഡിറ്റ് നിർദേശം പാലിക്കുകയും ആയത് സെക്രട്ടറിയെകൊണ്ട് തിരിച്ചടപ്പിച്ചിട്ടുമുണ്ട്.

2016-17 ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘം പ്രസിഡന്റ് 33100 രൂപ വ്യക്തമായ കാരണങ്ങളില്ലാതെ കൈപറ്റി എന്നത് ശരിയല്ല.സംഘത്തിന്റെ പച്ചക്കറി സ്റ്റാളിലേക്ക് നേന്ത്രക്കുല നല്കിയ വകയിൽ പ്രസിഡന്റിന് സംഘം നല്‌കേണ്ടിയിരുന്ന തുകയാണിതെന്നും ജീവനക്കാർ പർച്ചേസ് ബുക്കിൽ രേഖപ്പെടുത്താൻ വിട്ടുപോയതാണെന്നും ഇക്കാര്യം ശ്രദ്ധയിൽ പെട്ടയുടനെ തുക തിരിച്ചടച്ചതായും കെ.ശശീന്ദ്രൻ പറഞ്ഞു.

2016-17 വർഷത്തെ ഓഡിറ്റ് വേളയിൽ ആവശ്യമായ രേഖകൾ സെക്രട്ടറി ഓഡിറ്റർക്ക് നൽകുന്നതിൽ വീഴ്ച വരുത്തുകയും ഇക്കാരണത്താൽ സംഘത്തെ ആർ.എൻ.എ(റെക്കോർഡ്‌സ് നോട്ട് അവൈലബിൾ) വിഭാഗത്തിലുൾപ്പെടുത്തി സോഫ്റ്റ് വെയർ ലോക്ക് ചെയ്യുകയുമുണ്ടായി.ആയത് തുറന്ന് കിട്ടാൻ അതേ വർഷം തന്നെ അപേക്ഷ നല്കിയെങ്കിലും ആറു വർഷങ്ങൾക്ക് ശേഷം 2023-ലാണ് തുറന്ന് നല്കിയത്.ഇത്രയും വർഷങ്ങൾ സംഘത്തിൽ ഓഡിറ്റ് നടക്കാത്തതിന് കാരണം ക്ഷീരവികസനവകുപ്പിന്റെ അനാസ്ഥയാണ്.

സംഘത്തിന്റെ ശേഷിക്കുന്ന കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കി വെച്ചെങ്കിലും ഇവയൊന്നും പരിശോധിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‌പെക്ടർ തെറ്റായ വിവരങ്ങൾ ഡയറക്ടർക്ക് നല്കി ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്.

ഊഹാപോഹങ്ങളും വാസ്തവവിരുദ്ധവുമാണ് റിപ്പോർട്ടിലുള്ളത്.അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികാരബുദ്ധിയോടുകൂടി തയ്യറാക്കിയ റിപ്പോർട്ടാണ് പിരിച്ചുവിടലിന് കാരണമായത്.സംഘത്തിൽ സ്ഥിരനിക്ഷേപമൊന്നുമില്ല എന്നത് തെറ്റായ റിപ്പോർട്ടാണ്, നിലവിൽ 47,62,375 രൂപ സ്ഥിര നിക്ഷേപമായി ഉണ്ട്.

ഒരു ക്ഷീര കർഷകന് പോലും നാളിതുവരെ യാതൊരു ബാധ്യതയും വരുത്താതെയും സബ്‌സിഡികളും വിവിധ വായ്പകളും യഥാസമയം ലഭ്യമാക്കുകയും ചെയ്യുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ നടത്തുന്ന കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ മുൻ പ്രസിഡന്റ് കെ.ശശീന്ദ്രൻ,അംഗങ്ങളായ എം.ഷീബ,പി.മത്തായി,പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!