സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചു; അഞ്ച് മാവോവാദികൾക്കെതിരേ യു.എ.പി.എ. പ്രകാരം കേസ്

പേരാവൂർ : കേളകം ഗ്രാമപ്പഞ്ചായത്ത് അംഗവും സി.പി.എം. രാമച്ചി ബ്രാഞ്ച് സെക്രട്ടറിയുമായ പാലുമ്മി സജീവനെ (43) മർദിച്ചതിന്റെ പേരിൽ അഞ്ച് മാവോവാദികളുടെ പേരിൽ കേളകം പോലീസ് ഭീകരവിരുദ്ധ നിയമപ്രകാരം (യു.എ.പി .എ.) കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 26-ന് പുലർച്ചെ രാമച്ചിയിലെ സജീവന്റെ വീട്ടിലായിരുന്നു സംഭവം. നവംബർ ഒന്നിന് വൈകിട്ട് അഞ്ചിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി വൈകിയതിന്റെ കാരണം വ്യക്തമല്ല.
എന്നാൽ, ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് സജീവൻ പറയുന്നത്. മനോജ്, സോമൻ, മൊയ്തീൻ, സന്തോഷ്, രവി എന്നീ മാവോവാദികളെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായി ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇവർ അടുത്തകാലത്തായി മലയോര മേഖലയിലെ പലവീടുകളിലും ചെന്ന് ആഹാരം വാങ്ങിക്കഴിക്കുകയും കടകളിൽ നിന്ന് സാധനം വാങ്ങുകയും രണ്ടോമൂന്നോ തവണ പൊതുയോഗം നടത്തുകയും ചെയ്ത സംഘത്തിൽപ്പെട്ടവരാണെന്ന് കരുതുന്നു.
ഒന്നിനും 1.40-നു മിടയിൽ ഒന്നുമുതൽ അഞ്ചു വരെ പ്രതികൾ സംഘം ചേർന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ രാമച്ചിയിൽ താമസിക്കുന്ന പരാതിക്കാരന്റെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി മുഖത്ത് അടിക്കുകയും സർക്കാരിനെതിരേ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിന്റെ ചുരുക്കം.
കേളകം സബ് ഇൻസ്പെക്ടർ ജാൻസി ജെയിംസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഇരിട്ടി ഡി.വൈ.എസ്. പി. തപോഷ് ബസുമതാരിക്കാണ്. കേളകം പഞ്ചായത്തിലെ ഏഴാം വാർഡായ ശാന്തിഗിരിയിലെ അംഗമാണ് സജീവൻ.