വ്യത്യസ്ത ശലഭങ്ങൾ ഇണചേരുന്ന അപൂർവ ദൃശ്യം പകർത്തി പേരാവൂർ സ്വദേശി

പേരാവൂർ : വ്യത്യസ്ത ഇനങ്ങളിൽ പെട്ട ശലഭങ്ങൾ ഇണചേരുന്ന അപൂർവ ദൃശ്യം പേരാവൂർ സ്വദേശി കാമറയിൽ പകർത്തി. രോമപാദശലഭകുടുംബത്തില്‍പ്പെട്ട ഒറ്റ വരയന്‍ സെര്‍ജെന്റ് (Blackvein Sergeant, Athyma ranga) ആണ്‍ശലഭവും പേഴാളന്‍ (Grey count, Tanaecia lepidea) പെണ്‍ശലഭവും ഇണചേരുന്ന അപൂര്‍വദൃശ്യമാണ് പരിസ്ഥിതി പ്രവർത്തകനും പ്രകൃതി നിരീക്ഷകനുമായ നിഷാദ് മണത്തണ കാമറയിൽ പകര്‍ത്തിയത്. പാട്യം പഞ്ചായത്തിലെ വലിയവെളിച്ചം എന്ന സ്ഥലത്തുവെച്ചാണ് അപൂർവ ദൃശ്യം നിഷാദിന്റെ കണ്ണിൽ പതിഞ്ഞത്.
ശലഭങ്ങളുടെ ജനിതക-ശാരീരികഘടകങ്ങള്‍ ഒരേ ഇനത്തില്‍പ്പെട്ട എതിര്‍ലിംഗക്കാരോട് മാത്രം ആകര്‍ഷണം തോന്നുന്ന രീതിയിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ ഇനവും അതിന്‍റെ ഇണയെ തിരിച്ചറിയുന്നത് നിറവും ആകാരവും അവ പുറപ്പെടുവിക്കുന്ന രാസഗന്ധങ്ങളും വഴിയാണ്. എന്നാല്‍, വളരെ അപൂര്‍വമായി ഒരേ കുടുംബത്തില്‍പ്പെട്ട ശലഭങ്ങള്‍ രൂപവും ഗന്ധവും തെറ്റിദ്ധരിച്ചു ഇണചേരുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിചിത്ര ഇണചേരലുകള്‍ മിക്കപ്പോഴും വിജയകരമാവാറില്ല, കൂടാതെ ശലഭങ്ങള്‍ തമ്മില്‍ ജനിതക വ്യത്യാസമുള്ളതിനാല്‍ ഇത്തരം ഇണചേരലുകളുടെ ഫലമായുണ്ടാവുന്ന മുട്ടകള്‍ വിരിയാതിരിക്കുകയോ, അഥവാ വിരിഞ്ഞാല്‍ തന്നെ ഉണ്ടാവുന്ന കുഞ്ഞുങ്ങള്‍ പ്രജനനശേഷിയില്ലാത്തവയുമായിരിക്കും. ചില സങ്കരയിനം ശലഭങ്ങളെ മനുഷ്യന്‍ കൃത്രിമമായ മാര്‍ഗ്ഗങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്വാഭാവികമായി അത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. എങ്കിലും വളരെ അപൂര്‍വമായി വ്യത്യസ്ത ഇനം ശലഭങ്ങളുടെ കൂടിച്ചേരല്‍ വഴി സങ്കരയിനങ്ങള്‍ ഉണ്ടായിട്ടുണ്ടന്ന് ബാംഗ്ലൂർ ബട്ടർഫ്ലൈ ക്ലബ്ബിലെ വിദഗ്ദൻ കെ.എം.ഹനീഷ് പറയുന്നു.
പേരാവൂർ കൊട്ടംചുരം സ്വദേശിയാണ് നിഷാദ്. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനം നടത്തുന്ന നിഷാദ് പ്രകൃതി നിരീക്ഷകനും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സണുമാണ്.