പത്ത് വയസ്സുകാരനെ പീഡിപ്പിച്ച പൂജാരിക്ക്‌ 111 വർഷം തടവ്‌

Share our post

പത്ത് വയസുകാരനോട്‌ ലൈംഗികാതിക്രമം കാട്ടിയ പൂജാരിക്ക്‌ 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കൽ വൈറ്റിലശേരി രാജേഷിനെ(42)യാണ് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 ഡിസംബർ 30-ന് പൂച്ചാക്കൽ പൊലീസ് രജിസ്‌റ്റർചെയ്‌തതാണ്‌ കേസ്‌. മണപ്പുറത്തിനടുത്തെ ക്ഷേത്രപൂജാരിയായിരുന്നു രാജേഷ്‌. പൂജാവിധി പഠിക്കാനെത്തിയ കുട്ടിയെ ശാന്തിമഠത്തിൽവച്ച് രാത്രി ലൈംഗികാതിക്രമത്തിന്‌ ഇരയാക്കുകയായിരുന്നു. പുലർച്ചെയിലെ പൂജയ്‌ക്ക്‌ സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ അച്ഛന്റെ അനുമതിവാങ്ങി കുട്ടിയെയും ആറുവയസുകാരനെയും രാത്രി ശാന്തിമഠത്തിൽ താമസിപ്പിച്ചു. ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ ഉറക്കമുണർന്ന കുട്ടി എതിർത്തപ്പോൾ പ്രതി കുട്ടിയുടെ നെഞ്ചിനടിക്കുകയും ചുണ്ടിൽ കടിച്ച് മുറിവേൽപ്പിക്കുകയുംചെയ്‌തു. കൂടെയുള്ള ആറുവയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനെത്തിയ അച്ഛനാണ്‌ കരയുന്ന ബാലനെ കണ്ടത്‌.

പ്രോസിക്യൂഷൻ ഹാജരാക്കിയ 23 സാക്ഷികളെയും വിസ്‌തരിച്ചു. ആറുവയസുകാരന്റെ മൊഴി കേസിൽ നിർണായകമായി. രജിസ്‌റ്റർചെയ്‌ത്‌ എട്ട്‌ ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതും പ്രത്യേകതയായി.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാൽമതി. പിഴത്തുക ഇരയായ കുട്ടിക്ക്‌ നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ആറുവർഷത്തെ അധികശിക്ഷ അനുഭവിക്കണം. ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി സ്ഥാപിച്ചശേഷം ഏറ്റവും ഉയർന്ന ശിക്ഷയാണ്‌ ഈ കേസിലേത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!