കേരളത്തിൽ ഓടുന്ന നാല് ജോടി ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറയും
തിരുവനന്തപുരം : കേരളത്തിൽ ഓടുന്ന നാലുജോടി ട്രെയിനുകളുടെ ഒന്നുവീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത് ഒരാഴ്‌ചയ്‌ക്കകം പ്രാബല്യത്തിലാകും. മംഗളൂരു – തിരുവനന്തപുരം, തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്‌പ്രസ് (16603, 16604), മംഗളൂരു– ചെന്നൈ, ചെന്നൈ – മംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (12602, 12601), ചെന്നൈ – മംഗളൂരു, മംഗളൂരു– ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്‌പ്രസ് (22637, 22638), മംഗളൂരു – തിരുവനന്തപുരം, തിരുവനന്തപുരം – മംഗളൂരു മലബാർ എക്‌സ്‌പ്രസ് (16630, 166290) എന്നിവയുടെ സ്ലീപ്പർ കോച്ചാണ് വെട്ടിക്കുറച്ചത്. ഇതോടെ ഇവയുടെ സ്ലീപ്പർ കോച്ചുകൾ ഒമ്പതായി ചുരുങ്ങും. മാവേലിയിൽ തിങ്കൾ മുതൽ തീരുമാനം നടപ്പാകും.
മാവേലി, മലബാർ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ച് വെട്ടിക്കുറയ്ക്കുന്നതോടെ ഒരുഭാഗത്തേക്ക് 144 സീറ്റുവീതം 288 സീറ്റുകൾ നഷ്ടമാകും. വെട്ടിക്കുറയ്ക്കുന്ന ഒരുകോച്ച് എ.സി ത്രീ ടയറാക്കി മാറ്റും. സ്ലീപ്പർ ക്ലാസിലേതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി നാലിരട്ടിയെങ്കിലും വരുമാനം റെയിൽവേയ്ക്ക് വർധിക്കും. സ്ലീപ്പർ ക്ലാസിന്റെ ഇരട്ടിയിൽ അധികമാണ് എസി ത്രീ ടയറിൽ ടിക്കറ്റ് നിരക്ക്. പ്രീമിയം തൽകാൽ ഫ്‌ളക്‌സി നിരക്ക് ആയതിനാൽ അതിനും ചിലവേറും. തിരക്കേറിയ ട്രെയിനുകളിൽ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ കോച്ചുകൾ കുറച്ചത് യാത്രാദുരിതം വർധിപ്പിക്കും. മാവേലിയിൽ തിരുവനന്തപുരത്തേക്ക് തിങ്കൾമുതലും മംഗളൂരുവിലേക്ക് ചൊവ്വമുതലും മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് മെയിലിൽ 13, 14 തീയതികളിലും വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിൽ 15, 16 തീയതികളിലും മലബാർ എക്‌സ്‌പ്രസിൽ 17, 18 തീയതികളിലും തീരുമാനം പ്രാബല്യത്തിൽ വരും.
