മട്ടന്നൂർ റവന്യു ടവര്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍
മട്ടന്നൂർ : സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിന് കിഫ്ബി സഹായത്തോടെ 25 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മട്ടന്നൂര്‍ റവന്യു ടവറിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. നാലുനില കെട്ടിടത്തിൽ അവസാനവട്ട മിനുക്കുപണി മാത്രമാണ് ബാക്കി. രണ്ടുമാസത്തിനുള്ളിൽ ഉദ്ഘാടനം സാധ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മട്ടന്നൂരിൽ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ റവന്യൂ ടവർ ഉദ്ഘാടനം ചെയ്യുന്നതോടെ ഇവിടേക്ക് മാറും. 2018 ജൂണിലാണ് റവന്യു ടവറിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2019 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന് കല്ലിട്ടു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും 2021 ഡിസംബറോടെ പ്രവൃത്തി ധ്രുതഗതിയിലായി. ഹിൽട്രാക്ക് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
ഹൗസിങ് ബോർഡിനാണ് നിർമാണച്ചുമതല. നാലുനിലകളിൽ ഓഫീസ് സമുച്ചയവും താഴത്തെനില വാഹന പാർക്കിങ്ങിനുമാണ്. ടവറിനോട് ചേർന്ന് ക്യാന്റീൻ ബ്ലോക്കും നിർമിച്ചിട്ടുണ്ട്. മൂന്നുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്കിന്റെ നിര്‍മാണം പൂർത്തിയായി. പരിസരത്ത് 2.75 കോടി രൂപ ചെലവില്‍ വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലും നിര്‍മിക്കും. റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ഓഫീസുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്.
നഗരസഭ പരിശോധിച്ച് കലക്ടറുടെ നിര്‍ദേശനുസരണം ഓഫീസുകള്‍ അനുവദിക്കും. കിഫ്ബിയുടെ സഹായത്തോടെ റവന്യു ടവറിന് സമീപം സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണവും നടക്കുന്നുണ്ട്.
