തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാത; അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകൾ

ഇരിക്കൂർ: കനത്ത മഴയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകളായി. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ്. റോഡ് തകർന്നാൽ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒറ്റപ്പെടും.
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലെ ഗതാഗതവും നിലക്കും. ഇരിക്കൂറിൽനിന്ന് കണ്ണൂർ,തളിപ്പറമ്പ്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മൂന്നും കൂടിയ ജങ്ഷനിലെ റോഡാണ് പി.ഡബ്ല്യൂ.ഡി അധികൃതരുടെ അനാസ്ഥ മൂലം തകരുന്നത്.
ഇരിക്കൂറിൽനിന്ന് കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. നിലവിൽ റോഡ് തകർന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഗതാഗതം തടസ്സപ്പെടുത്തി, മറുവശത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനാൽ എപ്പോഴും ഗതാഗതക്കുരുക്കാണ്.
റോഡ് പൂർണമായി തകരുന്നതിന് മുമ്പ് അടിയന്തരമായ നടപടി പൊതുമരാമത്ത് വകുപ്പ് നടത്തണമെന്നാവശ്യപെട്ട് യു.ഡി.എഫ് നേതാക്കൾ ഇരിക്കൂർ പി.ഡബ്ല്യൂ.ഡി എ.ഇ ബിനോയിക്ക് നിവേദനം നൽകിയിരുന്നു.