സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനം; മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Share our post

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചു. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐ.ടി.എല്‍.എഫ് നേതാക്കാള്‍ പറഞ്ഞു.

ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി – മെയ്‍തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്. കൂട്ട ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നതായും ഉടൻ പ്രതികളെ പിടികൂടുമെന്നും മണിപ്പൂർ പോലീസ് ട്വീറ്റ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!