പാസ്റ്റർ ചമഞ്ഞ് ബാലനെ പീഡിപ്പിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ

വിഴിഞ്ഞം: പാസ്റ്റർ ചമഞ്ഞ് ബാലനെ പീഡിപ്പിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിലായി.ആര്യനാട് ചെറിയ ആര്യനാട് ചൂഴയിൽ പ്ലാമൂട് വീട്ടിൽ മോനി ജോർജിനെയാണ് (52) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.അടിമലത്തുറയിലെ 10 വയസുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
പാസ്റ്റർ ചമഞ്ഞ് വീടുകളിലെത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിക്കുന്ന സ്വഭാവമാണ് ഇയാൾക്ക്. 2019ൽ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ സമാന സംഭവത്തിൽ പോക്സോ കേസുണ്ടെന്നും ആര്യനാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളുമാണെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി,എസ്.ഐ കെ.എൽ.സമ്പത്ത് എന്നിവർ പറഞ്ഞു.
നൂറനാട്,റാന്നി പൊലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകളിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ 26നാണ് സംഭവം നടന്നത്.പൊലീസ് രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. പരാതി നൽകിയെങ്കിലും പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളിലുണ്ടായ ആശയക്കുഴപ്പം അന്വേഷണത്തെ ആദ്യം ബാധിച്ചു. വിഴിഞ്ഞം മുക്കോല മുതൽ പൊഴിയൂർ വരെയുള്ള 200 ലധികം സി.സി ടിവി ക്യാമറകൾ പരിശോധിച്ചു.
ഒരു ക്യാമറ ദൃശ്യത്തിൽ നിന്ന് ലഭിച്ച അവ്യക്തമായ വാഹനനമ്പർ ശാസ്ത്രീയമായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.എസ്.എച്ച്.ഒ പ്രിൻസിപ്പൽ എസ്.ഐ എന്നിവരെ കൂടാതെ എസ്.ഐ ജി.വിനോദ്, എസ്.സി.പി.ഒമാരായ ഷിനു ജോൺ, ഷൈൻരാജ്,സി.പി.ഒമാരായ പി.വി.രാമു,അരുൺ പി.മണി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.