ഉരുൾപൊട്ടൽ ഭീതി ; പൂളക്കുറ്റി നിവാസികൾ വാടക വീടുകളിലേക്ക്
പൂളക്കുറ്റി: ‘ജീവനിൽ പേടി ഉള്ളതുകൊണ്ട് തൽക്കാലം ഇവിടം വിട്ട് വാടക വീട്ടിലേക്ക് മാറുകയാണ്. മഴക്കാലം കഴിഞ്ഞ് ഇതെല്ലാം ബാക്കിയുണ്ടെങ്കിൽ അപ്പോൾ തിരിച്ചു വരും’– കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മാടശ്ശേരി മലയിൽ താമസിക്കുന്ന ജോബിയുടെ കുടുംബം ഉരുൾ പൊട്ടൽ ഭീതിയെ തുടർന്ന് വീട് തൽക്കാലത്തേക് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റുകയാണ്.
പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്നതിനാൽ മാടശ്ശേരി മലയിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് കുടുംബങ്ങൾ വാടക വീടുകളിലേക്ക് താമസം മാറ്റി. നാലാമതായി ജോബിയും ഇന്നലെ താമസം മാറി. അടുത്ത ദിവസങ്ങളിൽ രണ്ട് വീട്ടുകാർ കൂടി താമസം വാടക വീടുകളിലേക്ക് മാറും.
ദുരന്തം ഉണ്ടായിട്ട് 340 ദിവസം പിന്നിടുമ്പോഴും ഇവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്തിനോ, ജില്ല ഭരണകൂടത്തിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല.
ഉരുൾ പൊട്ടലിന്റെ വാർഷിക സ്മരണകൾ ആചരിക്കാൻ ഇനിയുള്ളത് വെറും 25 ദിവസം മാത്രം. 2022 ഓഗസ്റ്റ് 1 ന് രാത്രി കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, ഏലപ്പീടിക, വെളളറ മേഖലകളിൽ ഉണ്ടായ ഉരുൾ പൊട്ടലുകൾക്ക് ഒപ്പം മാടശ്ശേരി മലയിലും ഉരുൾ പൊട്ടിയിരുന്നു. മലയുടെ ഒരു ഭാഗം ഒലിച്ചു പോയപ്പോൾ താമസിക്കുന്ന വീട് ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇവിടുണ്ട്.
അതിൽ ഒന്നാണ് മാടശേരി ജോബിയുടെ കുടുംബം. വീടിന്റെ ഇരു വശത്തു കൂടിയുമാണ് ഉരുൾ പൊട്ടി ഒഴുകി കടന്നു പോയത്. മികച്ച കർഷകനായ ജോബിക്ക് നാലര ഏക്കറോളം ഭൂമി ഉണ്ടായിരുന്നു. എല്ലാ തരം കൃഷികളും ഉണ്ടായിരുന്നു.
കൂടാതെ പന്നി ഫാമും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവശേഷിക്കുന്നത് ഏത് സമയവും ഒലിച്ചു പോകാവുന്നതും കല്ലും മണ്ണും വന്നടിഞ്ഞു കൂടിയതുമായ മുക്കാൽ ഏക്കറോളം ഭൂമി മാത്രം. ബാക്കിയെല്ലാം ഉരുൾ കൊണ്ടു പോയി. തൊഴിലായി സ്വീകരിച്ച കൃഷി ചെയ്യാൻ ഇടം ഇല്ലാതായതോടെ ഓട്ടോറിക്ഷ ഓടിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ജോബി. ഭാര്യ ജാൻസിയും അമ്മ ത്രേസ്യാമ്മയും ജോബിയോടൊപ്പമുണ്ട്.
