പിങ്ക് വാട്‌സാപ്പ് അപ്‌ഡേറ്റ്; തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പലതരം തട്ടിപ്പുകളാണ് വാട്സാപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആളുകളെ കുഴിയില്‍ ചാടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാര്‍. നിസാരമായ യുക്തി പോലും പ്രയോഗിക്കാതെ ആളുകള്‍ ഈ കെണിയില്‍ ചെന്നു ചാടുന്നുണ്ട് എന്നത് കഷ്ടമാണ്. ഇപ്പോഴിതാ മറ്റൊരു കെണിയുമായി ഇരകളെ കാത്തിരിക്കുകയാണ് തട്ടിപ്പുകാര്‍. അതാണ് പിങ്ക് വാട്‌സാപ്പ് അപ്‌ഡേറ്റ്.
വാട്‌സാപ്പിന്റെ ഒരു വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍. മുംബൈ പോലീസാണ് ഈ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്കിങ് വിവരങ്ങളും, കോണ്‍ടാക്റ്റ് നമ്പറുകളും, മീഡിയാ ഫയലുകളുമെല്ലാം മോഷ്ടിക്കുകയാണ് ഈ തട്ടിപ്പിന്റെ ലക്ഷ്യം.
വ്യാജ വാട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ കെണിയില്‍ ചാടി ആളുകള്‍ തട്ടിപ്പുകാര്‍ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇതോടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്കാവും.
അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് മുംബൈ പോലീസ് നല്‍കുന്ന നിര്‍ദേശം. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ തുടങ്ങിയവയില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഒടിപി എന്നിവ പങ്കുവെക്കാതിരിക്കുക.
പിങ്ക് വാട്‌സാപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.