രാവിലെ ചായയും ബിസ്കറ്റും ബ്രഡും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അറിയേണ്ടത്…

Share our post

രാവിലെ ഉറക്കമെണീറ്റയുടൻ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ച ശേഷം ദിവസം തുടങ്ങാൻ താല്‍പര്യപ്പെടുന്നവരാണ് അധികപേരും. അതുപോലെ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റായി വലിയൊരു വിഭാഗം പേരും കഴിക്കാറ് ബ്രഡ് ആണ്. ചിലര്‍ ചായയും ബിസ്കറ്റുമാണ് രാവിലെ തന്നെ കഴിക്കാറ്.

നമ്മള്‍ എന്താണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. ആരോഗ്യത്തിന് മുകളില്‍ അത്രമാത്രം സ്വാധീനം ബ്രേക്ക്ഫാസ്റ്റിനുണ്ട്. അതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റായി തെര‍ഞ്ഞെടുക്കേണ്ടത് ഏറ്റവും നല്ല ഭക്ഷണങ്ങള്‍ തന്നെയാണ്.

എന്നാല്‍ നിലവില്‍ പലരുടെയും ശീലംപ്രകാരം ഇതത്ര ‘ഹെല്‍ത്തി’ ആയിരിക്കണമെന്നില്ല.അത്തരത്തില്‍, കഴിയുന്നതും ഒഴിവാക്കേണ്ട ബ്രേക്ക്ഫാസ്റ്റുകളെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്.

ഒന്ന്…

നേരത്തേ സൂചിപ്പിച്ചത് പോലെ ധാരാളം പേര്‍ ബ്രേക്ക്ഫാസ്റ്റായി ബ്രഡ് കഴിക്കാറുണ്ട്. അതും വൈറ്റ് ബ്രഡ് ആണെങ്കില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്. ഇത് പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.

രണ്ട്…

ചായയും ബിസ്കറ്റും രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ബിസ്കറ്റും റിഫൈൻഡ് കാര്‍ബിന്‍റെ സ്രോതസാണ്. അതുപോലെ അനാരോഗ്യകരമായ പല ഘടകങ്ങളും ബിസ്കറ്റില്‍ കാണാം. അതിനാല്‍ തന്നെ വെറുംവയറ്റില്‍ ബിസ്കറ്റ് പതിവായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങളും ഇത് സൃഷ്ടിക്കും.

മൂന്ന്…

പ്രോസസ്ഡ് മീറ്റോ, ഇതുവച്ചുള്ള എന്തെങ്കിലും വിഭവങ്ങളോ ബ്രേക്ക്ഫാസ്റ്റായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. സോസേജ്, സലാമി, ബേക്കണ്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയെല്ലാം ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ്. വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് പതിവാകുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

നാല്…

പലരും പാക്കറ്റില്‍ വരുന്ന കോണ്‍ഫ്ളേക്സ് പോലുള്ള സാധനങ്ങള്‍ രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുണ്ട്. ഇത് ‘ഹെല്‍ത്തി’യാണെന്ന പൊതുധാരണയും നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളില്‍ അനാവശ്യമായ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇവ പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതായി വരില്ല.

കഴിക്കാവുന്നത്…

‘ഹെല്‍ത്തി’ ബ്രേക്ക്ഫാസ്റ്റായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങളുടെ പേര് കൂടി പങ്കുവയ്ക്കാം. മുട്ട, ഓട്ട്സ്, പനീര്‍, നേന്ത്രപ്പഴം, നട്ട്സ് എന്നിവയെല്ലാം ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളാണ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!