കാപ്പിക്കുരുവല്ല, ഈ കാപ്പിയിൽ മുഹബത്തുണ്ട്

കൂത്തുപറമ്പ്: കാപ്പി കുടിക്കാൻ കാപ്പിക്കുരു വേണ്ടെന്നാണ് ചെറുവാഞ്ചേരി ചീരാറ്റയിലെ എ ആർ ഫുഡ്‌സ് പ്രൊഡക്ഷൻ ടീം പറയുന്നത്. വ്യത്യസ്‌തതകൾ ഇഷ്ടപ്പെടുന്ന ഇവരുടെ കാപ്പിപ്പൊടിയിൽ ഈത്തപ്പഴത്തിന്റെ കുരുവുണ്ട്, ജീരകവും ഉലുവയും ഏലക്കായയുമുണ്ട്.
എന്നാൽ കാപ്പിക്കുരു തീരെയില്ല. വിപണിയിലിറക്കി ഒരു മാസം തികയും മുന്നേ കാപ്പിക്കുരുവില്ലാത്ത കാപ്പിപ്പൊടി കൂത്തുപറമ്പിൽ ഹിറ്റ്.
ആരോഗ്യത്തിന് ഏറെ ഗുണഫലങ്ങളുള്ള ഈത്തപ്പഴത്തിന്റെ കുരുവാണ് ഈ കാപ്പിയിലെ താരമെന്ന് എആർ ഫുഡ്സ് പ്രൊഡക്ഷൻ ഉടമ തൃക്കണ്ണാപുരത്തെ രാജേഷ് പറയുന്നു. എറണാകുളത്തെ സുഹൃത്തിന്റെ ടിപ്‌സനുസരിച്ചാണ് രാജേഷ് കാപ്പിയിൽ പരീക്ഷണം തുടങ്ങിയത്.
സംഗതി ഗംഭീരമെന്ന് തോന്നിയതോടെ വിപണിയിലുമിറക്കി. രസം പിടിച്ചവർ വീണ്ടും വീണ്ടും തേടിയെത്തിയതോടെ ഈത്തപ്പഴക്കുരുവും ജീരകവും കുരുമുളകും ചുക്കും ഗ്രാമ്പുവുമൊക്കെ ഉൾപ്പെടുത്തി മസാല കാപ്പിപ്പൊടിയും വിപണിയിലെത്തിച്ചു.
കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച സംരംഭകനുള്ള ജില്ലാ പഞ്ചായത്തിന്റെ അവാർഡ് ജേതാവുകൂടിയാണ് രാജേഷ്.2018ൽ പുട്ടുപൊടി നിർമിച്ച് തുടങ്ങിയ എആർ ഫുഡ്സ് പ്രൊഡക്ഷൻ പല പരീക്ഷണങ്ങളിലൂടെ 43 ഉൽപ്പന്നങ്ങൾ നിർമിച്ചു.
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ പ്രോത്സാഹനവും വ്യവസായ വകുപ്പ് നൽകിയ പരിശീലനവുമാണ് നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ തിരിച്ച് നാട്ടിലെത്തിയ രാജേഷിന് പ്രചോദനമായത്. ഒരു ജീവനക്കാരിയെ വച്ച് ആരംഭിച്ച പ്രസ്ഥാനത്തിൽ പത്തോളം തൊഴിലാളികളുണ്ടിന്ന്.
ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് വിധം പുട്ടുപൊടികൾ, നാല് വിധം ഹെൽത്ത് മിക്സുകൾ, വിവിധ തരം മസാലപ്പൊടികൾ എന്നിവയാണ് മറ്റ് ഉൽപ്പന്നങ്ങൾ.