വണ്‍വേ തെറ്റിച്ച് കാര്‍; ഒരു മണിക്കൂറോളം ഗതാഗത തടസം, കൈയേറ്റംചെയ്‌തെന്ന് പരാതി, കേസ്

Share our post

തൃശ്ശൂര്‍: വണ്‍വേയില്‍ വാഹനം നിര്‍ത്തിയിട്ട്‌ കാര്‍ യാത്രക്കാരി ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പരാതി. തൃശ്ശൂര്‍ വെള്ളാങ്കല്ലൂരിലാണ് സംഭവം.

ഇതോടെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഒരു മണിക്കൂറോളം ജനങ്ങള്‍ വഴിയില്‍ കുടുങ്ങി. ആളൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് കാറുമായി എത്തിയതെന്നാണ് വിവരം.

അതിനിടെ ബസില്‍നിന്ന് ഇറങ്ങിവന്ന ഒരു കൂട്ടം സ്ത്രീകള്‍ യുവതിയെ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയര്‍ന്നു. ഇതോടെ ഗതാഗത തടസമുണ്ടാക്കിയെന്ന പരാതിയിലും കൈയേറ്റം സംബന്ധിച്ച പരാതിയിലും പോലീസ് കേസെടുത്തു.

കുറുക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് ഇടവിട്ടുള്ള വിവിധ ഭാഗങ്ങളില്‍ റോഡ് പണി നടക്കുന്നുണ്ട്.

റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് പുരോഗമിക്കുന്നത്‌. ഈ പാതയില്‍ വെള്ളാങ്കല്ലൂര്‍ ഭാഗത്തുനിന്ന് ഉള്‍പ്പെടെ വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്.

കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് ഈ വഴി പോകാന്‍ പാടുള്ളതല്ല, തിരിഞ്ഞു പോവുകയാണ് വേണ്ടത്. ഇതിനായി ദിശാ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ വെച്ചിട്ടുമുണ്ട്.

അതിനിടെയാണ് യുവതി കാറുമായി വന്നത്. നടവരമ്പ് ഭാഗത്തുനിന്ന് വന്ന്, വെള്ളാങ്കല്ലൂര്‍ ജങ്ഷന്‍ എത്തുന്നതിന് മുന്‍പായി പ്രൈവറ്റ് ബസ് ഉള്‍പ്പെടെയുള്ളവ എതിര്‍ദിശയില്‍നിന്ന് വരുന്ന സമയത്ത് സൈഡ് കൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് യുവതി വന്നത്‌.

സ്ഥലത്തുനിന്ന് വാഹനം മാറ്റാനോ പിറകിലേക്ക് എടുക്കാനോ യുവതി സമ്മതിച്ചില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ബസില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇതോടെ പുറത്തിറങ്ങി. ഏകദേശം ഒരു മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായെന്ന് ഇരിങ്ങാലക്കുട പോലീസ് വ്യക്തമാക്കി. ജോലിക്കും മറ്റുമായി നിരവധിയാളുകള്‍ തൃശ്ശൂര്‍ ഭാഗത്തേക്കും ഇരിങ്ങാലക്കുട ഭാഗത്തേക്കും വരുന്ന സമയത്തായിരുന്നു സംഭവം.

യുവതി കാര്‍ ഓഫ് ചെയ്യുകയും പുറത്തേക്ക് ഇറങ്ങാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതോടെ ആളുകള്‍ ബഹളംവെച്ചു. തുടര്‍ന്ന് പോലീസ് വന്നാല്‍ മാത്രമേ പുറത്തിറങ്ങൂ എന്നായി ഇവരുടെ നിലപാട്.

സൈഡിലേക്ക് വാഹനം ഒതുക്കാന്‍ പറ്റാത്ത വിധത്തിലാണ് മേഖലയില്‍ റോഡ് പണി പുരോഗമിക്കുന്നത്. ഒന്നുകില്‍ വാഹനം പിറകിലേക്ക് എടുക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ സ്ഥലമുള്ളിടത്ത് വെച്ച് സൈഡ് നല്‍കുകയോ മാത്രമാണ് മാര്‍ഗം.

ഈ സാഹചര്യത്തിലാണ് ഇതിലൂടെ വണ്‍വേ മാത്രം ആക്കിയിരിക്കുന്നത്. അതേസമയം ബസില്‍നിന്ന് ഇറങ്ങിവന്ന ഒരു കൂട്ടം സ്ത്രീകള്‍ യുവതിയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയുമുണ്ട്. യുവതിയുടെ പരാതിയിലും ഇവര്‍ക്കെതിരേയുള്ള പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!