16 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ഇന്ന് സമർപ്പിക്കും

Share our post

കണ്ണൂർ : ജില്ലയിലെ 11 മണ്ഡലങ്ങളിലായി 16 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മമ്മാക്കുന്ന്, അണ്ടല്ലൂർ, പാളയം, വേങ്ങാട് (ധർമ്മടം), വെള്ളോറ (പയ്യന്നൂർ), തേറണ്ടി, പന്നിയൂർ (തളിപ്പറമ്പ്), കൊല്ലംചിറ, കടമ്പൂർ (കണ്ണൂർ), നീണ്ടുനോക്കി (പേരാവൂർ), തള്ളോട് (കൂത്തുപറമ്പ്), മുള്ളോൽ (കല്ല്യാശേരി), ചിറക്കൽ (അഴീക്കോട്), നെടുമ്പ്രം (തലശ്ശേരി), പെരുവളത്തുപറമ്പ് (ഇരിക്കൂർ), നായാട്ടുപാറ (മട്ടന്നൂർ) എന്നീ ജനകീയോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക.

സൗകര്യങ്ങൾ ഈവിധം ‌

ജില്ലയിൽ 414 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുക. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ, കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കൽ, പരിസരശുചിത്വം, ശുദ്ധജലം, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തനമേഖലകൾ. സംസ്ഥാന പദ്ധതികൾ, എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ, പഞ്ചായത്ത് പദ്ധതികൾ, ആരോഗ്യകേരളം ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ചാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഒരുക്കുന്നത്. രോഗികൾക്കുളള കാത്തിരിപ്പുകേന്ദ്രം, ക്ലിനിക്, ഓഫിസ് റൂം, മുലയൂട്ടൽ കോർണർ, ഗർഭനിരോധന സേവനങ്ങൾ നൽകുന്നതിനുള്ള മുറി, ശുചിമുറി, സ്റ്റോർ, ഭിന്നശേഷിസൗഹൃദ സംവിധാനങ്ങൾ എന്നിവ ഇവിടെ ഉറപ്പുവരുത്തും.

സേവനം, പ്രവർത്തനം

ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി മാറുക, പ്രദേശത്തെ എല്ലാ ആളുകളുടെയും വാർഷിക ആരോഗ്യ പരിശോധന നടത്തുക, ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുക, കിടപ്പിലായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വയോജനങ്ങൾക്കും വേണ്ട ആരോഗ്യ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ കൂടാതെ മിഡ് ലവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ നഴ്സിങ് പരിശീലനം നേടിയവരേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!