വിദ്യാർഥികളുടെ എണ്ണം 2014ൽ വെറും 84, ഇന്ന് 400ൽ അധികം; പെണ്ണുക്കര സ്‌കൂൾ മികവിലേക്ക്

ചെങ്ങന്നൂർ : വിദ്യാർഥികളുടെ എണ്ണം 2014ൽ വെറും 84. താഴുവീഴലിന്റെ വക്കിലായിരുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള പെണ്ണുക്കര ഗവ. യുപി സ്‌കൂൾ. എന്നാൽ തലമുറകൾക്ക് അറിവുപകർന്ന സ്‌കൂളിനെ അങ്ങനെ കൈവിടാൻ ഒരുക്കമായിരുന്നില്ല പ്രധാനധ്യാപിക പി. എസ് ശ്രീകുമാരിയും അധ്യാപകരും.
ഒത്തുചേർന്ന് മുന്നിട്ടിറങ്ങിയതോടെ സ്‌കൂൾ മികവിലേക്കുയർന്നു. പ്രീ പ്രൈമറിമുതൽ 400ൽ അധികം കുട്ടികൾ കഴിഞ്ഞവർഷം സ്‌കൂളിലുണ്ടായിരുന്നു. ഈ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ട്. ഒന്നാംക്ലാസിൽമാത്രം 47 വിദ്യാർഥികൾ പുതുതായി പ്രവേശനം നേടി.
പ്രധാനധ്യാപികയുടെ നേതൃത്വത്തിൽ സ്‌കൂളിന്റെ പ്രവർത്തനം ജനകീയമാക്കുകയായിരുന്നു ആദ്യപടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ സാമൂഹിക ഇടപെടൽ ഉറപ്പാക്കി. അവധി ദിവസങ്ങളിൽ ഹൗസ് ക്യാമ്പയിനുകളും ക്യാമ്പുകളും മറ്റുമായി ജനങ്ങളിലേക്കിറങ്ങി.
പൂർവവിദ്യാർഥികളുടെ സഹായംതേടി. അധ്യാപകരുടെ കുട്ടികൾ സ്‌കൂളിലേക്കെത്തി. അടച്ചുപൂട്ടലിൽനിന്ന് മികച്ച സ്‌കൂളിലേക്കുള്ള പെണ്ണുക്കരയുടെ ജൈത്രയാത്രയുടെ തുടക്കം അതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ സ്‌കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് വേഗമേറി. മുൻ എം.എൽ.എ കെ .കെ രാമചന്ദ്രൻ നായർ മികവിന്റെ കേന്ദ്രമാക്കാൻ മണ്ഡലത്തിൽനിന്ന് ആദ്യമായി തെരഞ്ഞെടുത്തത് പെണ്ണുക്കര സ്‌കൂളിനെയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കരുത്തിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചു. ഭൗതികസാഹചര്യവും അക്കാദമിക നിലവാരവും ഉയർന്നതോടെ കുട്ടികളുടെ എണ്ണംകൂടി. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും സഹായം, ശക്തമായ പി.ടി.എയും വികസനസമിതിയും, പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ. സ്‌കൂളിന്റെ വിജയ ഫോർമുലകൾ പലതാണ്. ഇന്ന് ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ചുവടുമാറ്റുകയാണ് സ്‌കൂൾ.
മന്ത്രി സജി ചെറിയാന്റെ ആസ്‌തിവികസന ഫണ്ടിൽനിന്ന് പുതിയ കെട്ടിടങ്ങളും സ്‌കൂൾ ബസും ലഭിച്ചു. 10 ലക്ഷം രൂപ വിനിയോഗിച്ച് കായികവകുപ്പിന്റെ ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പാക്കുന്നതിനായി കെട്ടിടവും അനുവദിച്ചിട്ടുണ്ട്. സ്‌കൂളിന് പുതിയ കെട്ടിടത്തിനും മന്ത്രി ശുപാർശ നൽകി.