തൃശൂർ: ‘വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍’ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തേക്കിന്‍കാട് മൈതാനിയിലെത്തിയാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം, ആഗ്രഹമുണ്ടെങ്കിൽ സെല്ലിലും കിടക്കാം. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളാണ് വിയ്യൂര്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്.
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിന്റെ മുൻഭാഗവും വിക്കറ്റ് ഗേറ്റും തടവുകാരുടെ ബ്ളോക്കും സെല്ലുകളും അടക്കമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കുന്നതിനാണ് സ്റ്റാൾ സജ്ജമാക്കിയിട്ടുള്ളത്. നിരവധി സിനിമകളിൽ വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രധാന കവാടം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽ എങ്ങനെയായിരിക്കുമെന്നത് അറിയാനിടയില്ല. ആ അനുഭവം കൂടി സമ്മാനിക്കുന്നതാണ് തേക്കിൻകാട് മൈതാനിയിലെ വിയ്യൂർ സെൻട്രൽ ജയിൽ.
പ്രധാന ഗേറ്റിലൂടെ സ്റ്റാളിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ ‘തലകുനിച്ച് ഒറ്റ ഡോറിലൂടെ’ യഥാർഥ ജയിലേക്ക് കടക്കുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് അനുഭവിക്കാനാവും. നേരെ കാണുന്നത് ജയിലിന്റെ ഘടനയും അടിസ്ഥാന സൗകര്യങ്ങളും മറ്റും പരിചയപ്പെടുത്തുന്ന മിനിയേച്ചറാണ്.
ഇവിടെ തടവുകാരുടെ ബ്ളോക്കുകൾ എങ്ങനെ, ഇവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെ എന്നിവയെല്ലാം ജീവനക്കാർ വിശദീകരിക്കും.
ഒരു നിമിഷമെങ്കിലും ഇരുമ്പഴികളെ അഭിമുഖീകരിക്കാന്‍ ഉതകുന്ന വിധത്തിൽ ഒരു ജയിൽ സെല്ലും ഇവിടെ നിർമിച്ചിട്ടുണ്ട്. തടവുകാർക്ക് സെല്ലിലുള്ള സൗകര്യങ്ങളും കാണാം. സെല്ലില്‍ സെൽഫിയെടുക്കാനും സൗകര്യമുണ്ട്. ഇതോടൊപ്പം ജയിലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സ്റ്റാളില്‍ വിവരിക്കുന്നതോടൊപ്പം, ജയിൽ നിർമിത വസ്തുക്കളുടെ പ്രദർശനവും വിപണനവും സ്റ്റാളിലുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പ് തേക്കിൻകാട് മൈതാനിയിലായിരുന്നു ജയിൽ പ്രവർത്തിച്ചിരുന്നത്. തൃശൂർ പൂരം തടവുകാർക്ക് കൂടി ആസ്വദിക്കാൻ പാകത്തിലായിരുന്നു കുടമാറ്റം നടത്തിയിരുന്നത്. പൂരം ആഘോഷമാക്കാൻ തുടങ്ങിയതും നഗരം വികസിക്കുന്നതും കണക്കിലെടുത്ത് 1914ലാണ് ജയിൽ വിയ്യൂരിലേക്ക് മാറ്റിയത്.