പരാതി പരിഹാരത്തിന് ജില്ലാ തലത്തില്‍ സ്ഥിരം സംവിധാനം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

Share our post

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ പയ്യന്നൂര്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ പരിഹരിച്ച ശേഷം പിന്നീട് പരാതികള്‍ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മനുഷ്യരുടെ മനസ്സില്‍ സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടെങ്കില്‍ വലിയ അളവോളം പരാതികള്‍ പരിഹരിക്കാന്‍ കഴിയും. ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പരാതി പോലും പരിഹരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും വരെ എടുക്കുന്നുണ്ട്. പരാതികള്‍ പരിഹരിക്കാതെ നീട്ടുക എന്ന ശീലം മാറ്റാന്‍ കഴിയണം.

പരാതി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അദാലത്തിലൂടെ കാണാന്‍ കഴിയുന്നത്. അദാലത്തിലൂടെ മാത്രം കഴിയുന്ന ഒന്നല്ല പരാതി പരിഹാരമെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന അദാലത്തില്‍ ടി .ഐ മധുസൂദനന്‍ എം .എല്‍ .എ അധ്യക്ഷനായി. എം വിജിന്‍ എം .എല്‍ .എ, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ .വി ലളിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധരന്‍ (ചെറുതാഴം), എ പ്രാര്‍ത്ഥന (കുഞ്ഞിമംഗലം), പി .ഗോവിന്ദന്‍ (ഏഴോം), കെ സഹീദ് (മാടായി), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി രാമചന്ദ്രന്‍ (എരമം-കുറ്റൂര്‍), എം വി സുനില്‍ കുമാര്‍ (കാങ്കോല്‍-ആലപ്പടമ്പ), എം ഉണ്ണികൃഷ്ണന്‍ (പെരിങ്ങോം ), കെ എഫ് അലക്‌സാണ്ടര്‍ (ചെറുപുഴ), പയ്യന്നൂര്‍ തഹസില്‍ദാര്‍ എം കെ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

680 പരാതികളാണ് അദാലത്തിലേക്ക് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് കൈവശഭൂമിയുടെ പട്ടയവും മൂന്ന് പേര്‍ക്ക് ലൈഫ് മിഷന്‍ വീടുകളുടെ താക്കോലും അദാലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നല്‍കി 17 പേര്‍ക്ക് അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും അദാലത്തില്‍ വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!