പോ​ലീ​സി​ന് തോ​ക്ക് പി​ന്നെ എ​ന്തി​നാ​ണ്..? ഡോ​ക്ട​റു​ടെ മ​ര​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം

Share our post

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

യുവ ഡോക്ടറുടെ മരണം ഏറെ ദുഖഃകരമാണ്. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് ഇവിടെയുണ്ടായിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തിയത്. ഡോക്ടർമാരെ സംരക്ഷിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ആസ്പത്രികൾ അടച്ചുപൂട്ടുകയാണ് നല്ലത്.

സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. ജനങ്ങൾക്ക് എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞുതരേണ്ടത് കോടതിയല്ല. സാഹചര്യം മുൻകൂട്ടി കണ്ട് ഇത്തരം സംഭവങ്ങൾ തടയാൻ പോലീസിനാകണം.

പ്രതിയെ കീഴ്പ്പെടുത്താൻ പോലീസിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നില്ലേ?. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പോലീസിനില്ലേ? പിന്നെ എന്തിനാണ് പോലീസിന് തോക്ക് കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. സ്ഥലം മജിസ്ട്രേറ്റ് താലൂസ്പത്രി സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.

ആസ്പത്രികളിൽ ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കണം. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണം. മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കുമ്പോഴുള്ള അതേ സുരക്ഷ ഡോക്ടർക്കും നൽകണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, സംഭവത്തിൽ പോലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. നാളെ രാവിലെ ഡി.ജി.പി ഓൺലൈനായി ഹാജരാകണമെന്നാണ് നിർദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!