കാക്കയങ്ങാടിൽ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് 35000 രൂപ പിഴ

കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുത്തൻവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ നിന്ന് മലിനജലം ശുദ്ധജലത്തോടിലേക്ക് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെൻറ്സ്ക്വാഡ് 35000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.
ജലം മലിനപ്പെടുത്തിയതിന് 25000 രൂപയും കെട്ടിടത്തിൽ ഖരമാലിന്യ പരിപാലനത്തിന് സംവിധാനങ്ങൾ ഒരുക്കാതെ മാലിന്യം കൂട്ടിയിട്ടതിന് പതിനായിരം രൂപയും ചേർന്നാണ് 35000 രൂപ പിഴ ചുമത്തിയത്.
നിയമപ്രകാരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താതെ മേൽ പാർപ്പിട സമുച്ചയത്തിലെ മുറികളിലെ മുഴുവൻ മലിനജലവും ഭൂമിക്കടിയിൽക്കൂടി സ്ഥാപിച്ച പൈപ്പിലൂടെ തൊട്ടടുത്ത ശുദ്ധജലത്തോട്ടിലേക്ക് ഒഴുക്കിവിടുന്നതായാണ് സ്ക്വാഡ് കണ്ടെത്തിയത്.
മാത്രമല്ല തോട്ടിലേക്ക് ഊർന്നിറങ്ങുന്ന രീതിയിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ, സാനിറ്ററി നാപ്കിനുകൾ, പുഴു വരിക്കുന്ന ഭക്ഷണപ്പൊതിയുടെ അവശിഷ്ടങ്ങൾ എന്നിവയും കൂട്ടിയിട്ടിരുന്നു. ഹരിത കർമ്മ സേനയ്ക്ക് നൽകി കൈയ്യൊഴിയാവുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ പോലും മാലിന്യക്കൂനയിൽ കണ്ടെത്തി.
റെയ്ഡിന് എൻഫോഴ്സ്മെൻ്റ് ടീം ലീഡർ റെജി.പി. മാത്യു ,എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ,ശരീകുൽ അൻസാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. റോഷിത്,അസി:സെക്രട്ടറി കെ. രജനി,ഹെൽത്ത് ഇൻസ്പെക്ടർ എം. വി.ജിഷാൻ,പി.സി റമീഷ് എന്നിവർ നേതൃത്വം നൽകി.